ആക്ടിവിസ്റ്റുകളുടെ ശബരിമല ദര്‍ശനം സര്‍ക്കാര്‍ തിരക്കഥയുടെ ഭാഗം

Jaihind Webdesk
Wednesday, January 2, 2019

ആക്ടിവിസ്റ്റുകളായ കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത് സര്‍ക്കാരിന്‍റെ തിരക്കഥയുടെ ഭാഗം. സര്‍ക്കാര്‍ തീര്‍ത്ത വനിതാമതിലിന്‍റെ മറവിലായിരുന്നു ഇവര്‍ക്ക് പോലീസിന്‍റെ സുരക്ഷയില്‍ ദര്‍ശനം നടത്താന്‍ സാഹചര്യം ഒരുക്കിയത്. പുലര്‍ച്ചെ 3.30ന് സന്നിധാനത്തിലേക്ക് വനിതകളെ എത്തിച്ചത് പോലീസ് സുരക്ഷയിലായിരുന്നു. ഇതിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. അരമണിക്കൂര്‍ ദര്‍ശനം നടത്തിയ വനിതകള്‍ മൂന്ന് മണിക്കൂറോളം ശബരിമലയില്‍ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചു. പോലീസ് സുരക്ഷ നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍നിന്നു തന്നെ സര്‍ക്കാരിന്‍റെ അറിവോടെയാണ് യുവതികളുടെ ശബരിമല പ്രവേശമെന്നത് വ്യക്തമായി.

വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തിയ പിണറായി സര്‍ക്കാരിന്‍റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം യുവതികള്‍ ദര്‍ശനം നടത്തിയത് സ്ഥിരീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറായിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച് വേണ്ട കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യത്തിലെ  തുടര്‍നടപടികള്‍ തന്ത്രി തീരുമാനമെടുക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ അറിയിച്ചു. അതേസമയം ദേവസ്വം ബോര്‍ഡുമായി ആലോചിച്ചതിന് ശേഷം പ്രതികരിക്കാമെന്ന് തന്ത്രി വ്യക്തമാക്കി.

https://www.youtube.com/watch?v=JLG1Kn0IxkM