മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് പോര് മുറുകുന്നു; ഇരുമുന്നണികളുടെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍

Jaihind Webdesk
Wednesday, October 16, 2024

 

ഡല്‍ഹി: മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുകയാണ് മുന്നണികള്‍. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്ന് ഇരു മുന്നണികളും വ്യക്തമാക്കി. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാവികാസ് അഘാടി സഖ്യം തികഞ്ഞ ജയപ്രതീക്ഷയിലാണ്.

മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായിട്ടാണ് നിയമസഭ തിരഞ്ഞെടുപ്പ് നടത്തുക. നിലവിലെ നിയമസഭ കാലാവധി നവംബര്‍ 26 ന് അവസാനിക്കുകയും ചെയ്യും. രണ്ട് ദിവസത്തിനുള്ളില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് ഇരു മുന്നണികളും വ്യക്തമാക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി കൈവരിച്ച സംസ്ഥാന വ്യാപക മുന്നേറ്റം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് മഹാരാഷ്ട്രയിലെ എഐസിസി നിരീക്ഷകന്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു.

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരവും നിലനില്‍ക്കുന്നുണ്ട്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു. ശിവസേനയും എന്‍സിപിയും പിളര്‍ന്നതിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് മഹാരാഷ്ട്രയിലേത്. മഹാവികാസ് അഘാഡി, മഹായുതി എന്നീ രണ്ട് സഖ്യങ്ങള്‍ ഉണ്ടായ ശേഷമുള്ള ആദ്യ സംസ്ഥാന തിരഞ്ഞെടുപ്പുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡിക്കായിരുന്നു മുന്‍തൂക്കം. രണ്ടു മുന്നണികളും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കാനാണ് സാധ്യത.