‘മതില്‍ എന്തിന് ?’ പൊതു സമൂഹത്തിന്‍റെ ചോദ്യത്തിന് ഉത്തരമില്ലാതെ സർക്കാർ

Jaihind Webdesk
Wednesday, December 26, 2018

Women-Wall

വനിതാ മതിലിന് ദിവസങ്ങൾ ബാക്കി നിൽക്കെ മതില്‍ എന്തിന് എന്ന പൊതു സമൂഹത്തിന്‍റെ ചോദ്യത്തിന് ഉത്തരമില്ലാതെ സർക്കാർ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനെന്നാണ് നിയമസഭയിൽ പറഞ്ഞത്. എന്നാൽ സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗമെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൻ സർക്കാർ വ്യക്തമാക്കുന്നത്. അതേ സമയം വനിതാ മതിലിനായി പൊതുജനങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളുടെ നിർബന്ധിത പണപിരിവും തുടരുന്നു.

വനിതാ മതിലിനായി ചെലവ് സർക്കാർ വഹിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിനു പുറമേ ശബരിമല യുവതീപ്രവേശനം സംബന്ധിച്ചാണ് വനിത മതിൽ നിർമ്മിക്കുന്നതെന്ന സി.പി.എമ്മിന്റെയും സർക്കാരിന്‍റെയും മുൻ നിലപാടുകളിൽ നിന്ന് ഇരുകൂട്ടരും ബഹുദൂരം പിന്നാക്കം പോയെന്ന വസ്തുതയും ഇതോടെ വെളിപ്പെട്ടു കഴിഞ്ഞു.

വനിതാ മതിലിന്‍റെ പേരിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിന്‍റെ പണപ്പിരിവും. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പേരിലാണ് പാർട്ടി ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ 100 രൂപയുടെ രസീതുവെച്ച് പിരിവ് നടത്തുന്നത്. ഇതുവഴി കോടികളാണ് പാർട്ടി നേതാക്കളുടെ കീശയിലാകുന്നത്. ഓരോ ഫയലുകളും ഓരോ ജീവനുകളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം ഫയലുകളാണ് സെക്രട്ടറിയേറ്റിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്. ഫയലുകൾ തീർപ്പാക്കാനുള്ള നടപടികൾക്ക് പകരം സർക്കാർ ഓഫീസുകളിലെ ജീവനക്കാരെ മതിൽ സംഘാടന പരിപാടികളിൽ പങ്കെടുപ്പിക്കുന്നതും ജനാധിപത്യനിയമങ്ങളെയും ലംഘിച്ചും എന്തിനാണീ മതിലെന്ന കാര്യത്തിൽ സർക്കാരിന് നിലവിൽ ഉത്തരമില്ല.

അതേ സമയം, സർക്കാരിന്‍റെ നയതീരുമാനവും സ്ത്രീശാക്തീകരണ പദ്ധതികളുടെ ഭാഗവുമാണ് വനിതാമതിലെന്നാണ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.
എന്നാൽ മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ശ്രമമുണ്ടായപ്പോൾ വിളിച്ച സംഘടനകളുടെ യോഗത്തിലാണ് വനിതാമതിൽ ഉണ്ടാക്കണമെന്ന് തീരുമാനിച്ചതെന്നാണ്. ഇതോടെ വനിതാ മതിലിന്‍റെ പേരിൽ സർക്കാർ വാദങ്ങൾ പലകുറി മാറിമറിയുന്നു.

വനിതാ മതിലിനായ് മനുഷ്യശേഷി പാഴാക്കുന്നില്ലെന്ന സത്യവാങ്മൂലത്തിലെ അവകാശ വാദം തെറ്റാണെന്നതിന് തെളിവാണ് ചീഫ് സെക്രട്ടറി മുതൽ താഴെത്തട്ടിലുള്ള ഓരോ വകുപ്പുകൾ നടത്തുന്ന പ്രചാരണപരിപാടികളുടെ കുറിപ്പുകളും തെളിയിക്കുന്നത്.