യുപിയില്‍ ബംഗ്ലാദേശികളെന്ന് ആരോപിച്ച് മുസ്‌ലിം വിഭാഗത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദള്‍ പ്രവർത്തകർ; കേസ്

Jaihind Webdesk
Saturday, August 10, 2024

 

ലക്നൗ: ബം​ഗ്ലാദേശികളെന്ന് ആരോപിച്ച് മുസ്‌ലിം കുടുംബങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദള്‍. ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. നിരവധി കുടിലുകൾ തകർക്കുകയും ആളുകളെ മർദ്ദിക്കുകയും സാധനങ്ങൾക്ക് തീയിടുകയും ചെയ്തു.

കവിനഗറിലെ ചേരിനിവാസികൾക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ചേരിയിലേക്ക് ഇരച്ചെത്തിയ ഹിന്ദു രക്ഷാദൾ പ്രവർത്തകർ നിരവധി കുടിലുകൾ നശിപ്പിക്കുകയും ആളുകളെ അടിച്ചോടിക്കുകയും ചെയ്തു. കുട്ടികളും വയോധികരുമടക്കം നിരവധി പേർക്ക് ആക്രമണത്തില്‍ പരുക്കേറ്റു. സർക്കാർ വിരുദ്ധ പ്രക്ഷോഭവും സംഘർഷങ്ങളും നടക്കുന്ന ബം​ഗ്ലാദേശിൽ ന്യൂനപക്ഷമായ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നു എന്നാരോപിച്ചാണ് ​ഹിന്ദു രക്ഷാദള്‍ അക്രമം അഴിച്ചുവിട്ടത്. ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയിലെ ബംഗ്ലാദേശികൾക്കെതിരെ സമാന നടപടികളുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു.

സംഭവത്തിൽ ഹിന്ദു രക്ഷാദൾ ദേശീയ അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരിക്കും കണ്ടാലറിയാവുന്ന ഇരുപതോളം പ്രവർത്തകർക്കുമെതിരെ കേസെടുത്തതായി മധുബൻ ബാപുധാം പോലീസ് സബ് ഇൻസ്‌പെക്ടർ സഞ്ജീവ് കുമാർ പറഞ്ഞു. വിഷയത്തില്‍ ഡല്‍ഹിയിലും അക്രമം ഉണ്ടായിരുന്നു. ഓഗസ്റ്റ് എട്ടിന് ഹിന്ദു രക്ഷാദൾ പ്രവർത്തകർ ഡൽഹി ശാസ്ത്രി പാർക്കിലെ ചേരിനിവാസികളെ ബം​ഗ്ലാദേശികളെന്ന് ആരോപിച്ച് ആക്രമിച്ചിരുന്നു. ഹിന്ദു രക്ഷാദൾ നേതാവ് ​ദക്ഷ് ചൗധരിയാണ് ഡൽഹിയിലെ ആക്രമണത്തിന് ചുക്കാൻ പിടിച്ചതെന്ന് വ്യക്തമായി. മുമ്പ് അയോധ്യയിലെ ജനങ്ങൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിലും കോൺ​ഗ്രസ് നേതാവ് കനയ്യ കുമാറിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ടും വിവാദത്തിലായ ആളാണ് ദക്ഷ് ചൗധരി.