മധുവിന്‍റെ സഹോദരിക്ക് പോലീസില്‍ നിയമനം

Jaihind News Bureau
Tuesday, July 3, 2018
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരിയടക്കം 74 വനവാസികൾക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി പോലീസിൽ നിയമനം നൽകി. ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മധുവിന്റെ കൊലപാതകത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും സഹോദരി ചന്ദ്രിക പറഞ്ഞു.
ഗോത്ര വിഭാഗത്തിലെ തനതായ കലാരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്.
 അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക മുഖ്യമന്ത്രി യുടെ കയ്യിൽ നിന്നും നിയമന ഉത്തരവ് കൈപ്പറ്റിയപ്പോൾ അത് സമാനതകളില്ലാത്ത ക്രൂരതയ്ക്ക് കേരളം ചെയ്ത പ്രായശ്ചിത്തമായി മാറി. ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മധുവിന്റെ കൊലപാതകത്തിൽ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും ചന്ദ്രിക പറഞ്ഞു.
മധുവിന്റെ സഹോദരി ചന്ദ്രികയടക്കം വനവാസി വിഭാഗത്തിൽ പെടുന്ന 74 പേർക്കാണ് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി പോലീസിൽ നിയമനം നൽകിയത്. 6 മാസം കൊണ്ട് റെക്കോർഡ് വേഗത്തിലാണ് നിയമന നടപടികൾ പി.എസ്.സി പൂർത്തിയാക്കിയത്. നാടിന്റെ ചരിത്രത്തിലെ സവിശേഷ മുഹുർത്തമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
22  യുവതികളുമുൾപ്പെടുന്ന സംഘം പൊലീസ് അക്കാദമിലെ ഒമ്പത് മാസ പരിശീലനത്തിന് ശേഷം യൂണിഫോമണിഞ്ഞ് പൊലീസിന്റെ ഭാഗമാകും.
ഏറ്റവും പിന്നോക്ക വിഭാഗമായ അടിയാളര്‍, കാട്ടുനായ്ക്കര്‍ വിഭാഗങ്ങളിൽപ്പെടുന്നവരാണ് ജോലി ലഭിച്ചവരിൽ കൂടുതലും.
 പൊലീസില്‍ പട്ടിക വര്‍ഗങ്ങളുടെ പ്രതിനിധ്യം ഏറെ കുറവാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തിയത്. വനമേഖലയില്ലെ മാവോയിസ്റ്റ് സാന്നിധ്യം തടയുന്നതിനും കൂടുതൽ വനവാസികളെ സേനയിലെത്തിക്കുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷ.