തമിഴ്‌നാട്ടില്‍ ബസ് മറിഞ്ഞ് അപകടം; 20 പേര്‍ക്ക് പരിക്ക്, ഒരാള്‍ മരിച്ചു

Jaihind Webdesk
Sunday, December 3, 2023


തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ട് ജില്ലയില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചെന്നൈ- ത്രിച്ചി ദേശീയ പാതയില്‍ ചെങ്കല്‍പേട്ട് ജില്ലയ്ക്ക് സമീപം പഴവേലി ഗ്രാമത്തിലാണ് സംഭവം. ചെന്നൈയില്‍ നിന്നും കൊയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ബസാണ് തലകീഴായി കിടങ്ങിലേക്ക് മറിഞ്ഞത്. 45 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. കന്യാകുമാരി സ്വദേശി മണികണ്ഠനാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചെങ്കല്‍പേട്ട് ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ചെങ്കല്‍പേട്ട് താലൂക്ക് പൊലീസ് അറിയിച്ചു. ശക്തമായ മഴ കാരണം ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് കരുതുന്നത്. മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഏഴു ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.