ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരിക എന്ന ഹാഷ് ടാഗോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രതിഷേധ പ്രചാരണം. ഫേസ്ബുക്ക് കൂട്ടായ്മകളിൽ നിന്ന് ആരംഭിച്ച പ്രതിഷേധത്തിൽ 48 മണിക്കൂറിനകം 17,000 ത്തിലേറെ പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്.
നേരത്തെ യുപി തെരഞ്ഞെടുപ്പിലും പിന്നീട് ഇപ്പോൾ മധ്യപ്രദേശ് അടക്കമുളള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം ആരോപിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രതിഷേധം രൂപപ്പെട്ടത്. വോട്ടിംഗ് യന്ത്രം വെറുമൊരു യന്ത്രമല്ല വിശ്വാസത്തിന്റെ പ്രതീകമാണ് എന്ന് അവകാശപ്പെടുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോയുടെ താഴെയായിട്ടാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.
ഡിസംബർ ഒന്നിന് ആരംഭിച്ച പ്രതിഷേധത്തിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി വരുന്ന കമന്റുകൾക്ക് ഒരേ മറുപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നത്. ഏതാനം യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രതിഷേധ പ്രചാരണത്തിന് സമുഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പലയിടത്തും വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. വോട്ടിംഗ് യന്ത്രത്തിൽ ക്രമക്കേട് നടത്താനുളള സാധ്യതയുളളതിനാൽ വികസിത രാജ്യങ്ങളിലടക്കം ബാലറ്റ് പേപ്പാറാണ് ഉപയോഗിക്കാറുളളത്. വോട്ടിംഗ് യന്ത്രം മാറ്റി ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് നേരത്തെ കോൺഗ്രസ് ദേശീയ നേതൃത്വവും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുളള പ്രതിഷേധം ശക്തമാകുന്നത്.
https://youtu.be/GHgm-a9J5gE