മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാല്‍ അതോടെ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെയും മതേതരത്വത്തിന്‍റെയും അന്ത്യമായിരിക്കുമെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ന്യൂനപക്ഷ വകുപ്പിന്‍റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുയായിരുന്നു അദ്ദേഹം.
വിഭജനകാലത്തുപോലും ഉണ്ടാകാത്ത രീതിയിലുള്ള വര്‍ഗീയവത്കരണമാണു രാജ്യത്തു സംഭവിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ കടുത്ത ഒറ്റപ്പെടല്‍ നേരിടുകയാണ്. മോദിയെ ചെറുക്കാന്‍ പ്രതിപക്ഷ ഐക്യം വേണമെന്നാണു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിനെ അട്ടിമറിക്കുന്നത് സിപിഎമ്മാണ്. കൃത്യമായി പറഞ്ഞാല്‍ മുഖ്യമന്ത്രിയും കേരളത്തില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങളുമാണ്. മോദിയെ ചെറുക്കാന്‍ പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്‍റെ സഹായം തേടിയപ്പോള്‍ അവര്‍ കയ്യാലപ്പുറത്തെ തേങ്ങപോലയുള്ള നിലപാടാണു സ്വീകരിച്ചത്. പ്രതിപക്ഷ ഐക്യനിരയിലേക്കു സിപിഎമ്മും കടന്നുവരണമെന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
മോദി സര്‍ക്കാര്‍ അധികാരമേറ്റതു തന്നെ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്തുകൊണ്ടാണ്. അയോധ്യയില്‍ ക്ഷേത്രം പണിയണമെന്ന അജന്‍ഡയുമായി സംഘപരിവാരങ്ങള്‍ വീണ്ടും രംഗത്തുവന്നിരിക്കുന്നു. 2002ല്‍ അയോധ്യയില്‍ കര്‍സേവ കഴിഞ്ഞപ്പോള്‍ ഗുജറാത്തിലുണ്ടായ കലാപത്തില്‍ 1500 ലധികം പേര്‍ കൊല്ലപ്പെട്ടു. ഇത്തരമൊരു അപകടത്തിലേക്കാണു രാജ്യം വീണ്ടും പോകുന്നതെന്നു മുല്ലപ്പള്ളി മുന്നറിയിപ്പു നല്കി.
ന്യൂനപക്ഷവിഭാഗങ്ങളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളും തമ്മില്‍ ചരിത്രപരമായ വൈകാരിക ബന്ധമുണ്ട്. കോണ്‍ഗ്രസിന്‍റെ ആദ്യകാല മുന്നു പ്രസിഡന്‍റുമാരും ന്യൂനപക്ഷവിഭാഗത്തില്‍ നിന്നായിരുന്നു. സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിലും ന്യൂനപക്ഷ വിഭാഗം കോണ്‍ഗ്രസിന്‍റെ കീഴില്‍ അണിനിരന്നാണു പോരാടിയതെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ കെ.കെ. കൊച്ചുമുഹമ്മദ്, വൈസ് ചെയര്‍മാന്‍മാരായ അഡ്വ.പി.സിയാവുദിന്‍, ജോര്‍ജ് തോമസ്, മുഹമ്മദ് മുബാറക്ക്, സണ്ണി കുരുവിള, കളത്തറ ഷംസുദ്ദീന്‍, നാസര്‍ മഞ്ചേരി, എം.കെ.ബീരാന്‍, നവാസ് റഷാദി തുടങ്ങിയവര്‍ പ്രസംഗിച്ചു.