പ്രളയം : നൂറ് ദിനം പിന്നിടുമ്പോഴും ആശ്വാസ ധനസഹായം പോലും ലഭിക്കാതെ കർഷകർ

Jaihind Webdesk
Saturday, November 24, 2018

പ്രളയം നടന്ന് നൂറ് ദിവസം പിന്നിടുമ്പോഴും ആശ്വാസ ധനസഹായം പോലും ലഭിക്കാതെ കർഷകർ ഇപ്പോഴും ദുരിതത്തിൽ തന്നെ. ഇടുക്കി കഞ്ഞികുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി ഉൾപ്പെടെയുള്ള മേഖലയിലെ കർഷകരാണ് ഒരുവിധ സഹായവും ലഭിക്കാത്തതിനാൽ സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

1971 കളിൽ കർഷകർ കുടിയേറി കൃഷി ആരംഭിച്ച താണ് കഞ്ഞികുഴി പഞ്ചായത്തിലെ തട്ടേക്കണ്ണിയിൽ. ഇക്കഴിഞ്ഞ പ്രളയത്തിൽ പതിറ്റാണ്ടുകൾ കൊണ്ട് വിളയിച്ചെടുത്ത കൃഷിയാണ് പലർക്കും നഷ്ടമായത്. ഡാം തുറന്ന് വിട്ടതിനെ തുടർന്നും ഉരുൾപൊട്ടലിലുമായി കാർഷിക വിളകൾ പൂർണമായി കർഷകന് നഷ്ടമായി. റബർ , ജാതി, കൊടി, കൊക്കോ ഉൾപ്പെടെയുള്ള വിളകളാണ് കർഷകർക്ക് നഷ്ടമായത്.
എന്നാൽ പ്രളയം നടന്ന് മൂന്ന് മാസം പിന്നിട്ടിട്ടും സർക്കാർ തിരിഞ്ഞ് നോക്കിയിട്ടില്ല എന്ന് പ്രദേശത്തെ കർഷകനായ എ.ജെ റോമി പറയുന്നു.

സർക്കാർ കർഷകരോട് കടുത്ത വഞ്ചന കാട്ടുകയാണെന്നാണ് ആക്ഷേപമുയരുന്നത്. ആശ്വാസ ധനസഹായമായ പതിനായിരം രൂപ പോലും കിട്ടാത്ത കർഷകരും നിരവധിയാണ്. ലക്ഷകണക്കിന് രൂപയുടെ നഷ്ടം ഉണ്ടായ കർഷകർ കടുത്ത സാമ്പത്തിക പ്രധിസന്ധിയിലാണ്. ഏക്കർ കണക്കിന് കൃഷിഭൂമിയും വീടും നഷ്ടപ്പെട്ടവർക്കുപോലും ഇതുവരെയും യാതൊരുവിധത്തിലുള്ള സഹായവും ലഭിച്ചിട്ടില്ല എന്നത് കർഷകരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

https://www.youtube.com/watch?v=UNhnav-QNo8