എം.ഐ ഷാനവാസ് എം.പി (67) അന്തരിച്ചു

Jaihind Webdesk
Wednesday, November 21, 2018

KPCC വർക്കിംഗ് പ്രസിഡന്‍റും വയനാട് എം.പിയുമായ എം.ഐ ഷാനവാസ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പെട്ടെന്നുണ്ടായ അണുബാധ ആരോഗ്യനില വഷളാവുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു അന്ത്യം.  കബറടക്കം നാളെ രാവിലെ 10 മണിക്ക്എറണാകുളം SRM റോഡിലെ തോട്ടത്തുംപടി പള്ളിയിലെ കബര്‍സ്ഥാനില്‍ നടക്കും.

നവംബർ രണ്ടിന് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് അണുബാധയുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. ഒക്ടോബർ 31-നാണ് ഷാനവാസിനെ ചെന്നൈ ക്രോംപേട്ടിലെ ഡോ. റേലാ മെഡിക്കൽ ആന്‍റ് റിസേർച്ച് സെന്‍ററിൽ പ്രവേശിപ്പിച്ചത്.

https://www.facebook.com/JaihindNewsChannel/videos/357917971646854/

തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പിൽ അഡ്വ. എം.വി ഇബ്രാഹിംകുട്ടിയുടേയും നൂർജഹാൻ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബർ 22 ന് കോട്ടയത്ത് ജനനം.  കെ.എസ്‌.യുവിലൂടെ രാഷ്ട്രീയപ്രവർത്തനത്തിന് തുടക്കം കുറിച്ചു. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ എംഎയും എറണാകുളം ലോ കോളജിൽ നിന്ന് എൽഎൽബിയും നേടി. ഭാര്യ ജുബൈരിയത് ബീഗം. ഹസീബ്, അമീന എന്നിവർ മക്കളാണ്.

1972 ൽ കോഴിക്കോട് സർവകലാശാല യൂണിയൻ ചെയർമാൻ, 1978 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്, 1983 ൽ KPCC ജോയിന്‍റ് സെക്രട്ടറി, 1985 ൽ KPCC വൈസ് പ്രസിഡന്‍റ്എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ KPCC വര്‍ക്കിംഗ് പ്രസിഡന്‍റാണ്.  2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് എം.ഐ ഷാനവാസ് വയനാട് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം വയനാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്സഭാ മണ്ഡലത്തിൽ സത്യന്‍ മൊകേരിയെ പരാജയപ്പെടുത്തിയാണ് രണ്ടാമതും പാര്‍ലമെന്‍റിലെത്തിയത്. വാണിജ്യം, മാനവശേഷി വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ, എംപിലാഡ്സ് സമിതി, ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമായും പ്രവർത്തിച്ചു.