റിസർവ്വ് ബാങ്ക് ഗവർണർക്ക് പോലും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ബിജെപി ഭരണത്തിലുള്ളതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബിജെപി അധികാരത്തിൽ തുടരണം എന്നാഗ്രഹിക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും മുല്ലപ്പള്ളി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് കോൺഗ്രസ് മതേതര സന്ദേശയാത്രയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനങ്ങൾ അഴിച്ചു വിട്ടായിരുന്നു കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉദ്ഘാടന പ്രസംഗം. ബാങ്കിംഗ് മേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിനുള്ളത്. നരേന്ദ്രമോദി അധികാരത്തിൽ വരാൻ പാടില്ലായിരുന്നു എന്ന് രാജ്യത്തെ ജനങ്ങൾ ഇന്ന് ചിന്തിക്കുകയാണ്.
റഫാൽ യുദ്ധ വിമാന അഴിമതിയുടെ നിജസ്ഥിതി അറിയാൻ പ്രതിപക്ഷവും, ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തെ ജനങ്ങൾ അഴിമതിക്കെതിരെയും, മോദിക്കെതിരെയും വിധിയെഴുതുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് വിരോധത്തിൽ നിന്നും മുക്തനാകാൻ പിണറായിക്ക് കഴിഞ്ഞിട്ടില്ല. ബി ജെ പിയുമായി എല്ലാ കാലത്തും പിണറായിക്ക് നല്ല ബന്ധമാണ്. ജനസംഘം നേതാവ് കെ.ജി. മാരാരെ വിജയിപ്പിക്കാൻ പിണറായിയും സിപിഎം നേതാക്കളും ശ്രമിച്ചത് കേരള ജനത മറക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ഓർമിപ്പിച്ചു.
കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സ്വന്തം നിഴലിനെപ്പോലം വിശ്വാസമില്ലാത്തയാളാണ് മുഖ്യമന്ത്രി. ശബരിമല യുദ്ധ സമാനമാക്കി മാറ്റിയത് പിണറായിയുടെ പിടിപ്പ് കേടാണെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ വിമാന യാത്രയിൽ ബിജെപി നേതാവ് വി. മുരളീധരനും, മുഖ്യമന്ത്രി പിണറായിയും കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടെ സാന്നിധ്യത്തിൽ ഗൂഢാലോചന നടത്തിയെന്നും മുല്ലപ്പള്ളി ആരോപിച്ചു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി – സിപിഎം പരസ്പര ഗൂഢാലോചന പരസ്യമായി പ്രകടമാകുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ, കെ.എന്.എ ഖാദർ എം.എല്.എ, ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ , സി.പി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
https://www.youtube.com/watch?v=lVoIOG15eLE