സൗദിയിൽ ബസ് അപകടത്തിൽ 35 പേര് മരിച്ചു. ബസും മണ്ണുമാന്തിയന്ത്രവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മദീനയ്ക്ക് സമീപം നടന്ന അപകടത്തില്‍ കൊല്ലപ്പെട്ടവരിലേറെയും ഉംറ തീര്‍ത്ഥാടകരാണെന്നാണ് റിപ്പോര്‍ട്ട്
മദീനക്ക് സമീപം ഹിജ്റ റോഡിലെ കിലോ 170-ലാണ് മുപ്പതിലേറെ പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. റിയാദിലെ ദാറുൽ മീഖാത്ത് സിയാറ സംഘത്തിന്റേതാണ് അപകടത്തില്‍പെട്ട ബസ്. വിവിധ രാജ്യക്കാരായ ഉംറ തീർത്ഥാടകരെയും വഹിച്ചുള്ള ബസായിരുന്നു ഇത്. നാലുദിവസത്തെ മദീന, മക്ക സന്ദർശനത്തിനായിരുന്നു ബസ് പുറപ്പെട്ടത്. മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് പോകുന്നതിനിടെയാണ് ഹിജ്റ റോഡിലെ കിലോ 170-ൽ അപകടമുണ്ടായത്.
മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൂട്ടിയിടിയുടെ ആഘാതത്തില്‍ ബസ് കത്തിയമരുകയായിരുന്നു. പരിക്കേറ്റവരെ റെഡ് ക്രസന്റും മറ്റു സുരക്ഷാവിഭാഗങ്ങളും ചേർന്ന് ഹംനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, യാത്രക്കാരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മലയാളികളുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബസ് പൂർണമായും കത്തി. മൃതദേഹങ്ങൾ അൽ ഹംസ, വാദി അൽ ഫർഅ എന്നിവടങ്ങളിലെ ആശുപത്രികളിലാണ്