സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യത; മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Jaihind News Bureau
Tuesday, July 23, 2019

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചുണ്ട്. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലും കോട്ടയത്തെയും കുട്ടനാട്ടിലെയും ചില പ്രദേശങ്ങളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് കലക്ടർമാർ അറിയിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്കു മാറ്റമില്ല. മലപ്പുറത്ത് മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ ഇന്നലെയും കനത്തമഴ തുടർന്നു.

അൻപതു കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും, മണ്ണിടിച്ചിലിനും മുന്നറിയിപ്പ് നൽകി.

കാസർകോട് വെള്ളരിക്കുണ്ട് കനകപ്പള്ളിയിൽ വീടിനു മുകളിൽ മരംവീണ് മൂന്നുപേർക്ക് പരുക്കേറ്റു. കാസർകോട് കാക്കടവ് ചെക്ക്ഡാമിന് സമീപത്തെ പാർശ്വഭിത്തി തകർന്നു. കനത്ത മഴയിൽ കാലടി യോർദനാപുരം മഠത്തിപ്പറമ്പിൽ സുബ്രഹ്മണ്യൻറെ വീട് തകർന്നു. പെരുവണ്ണാമൂഴി ഡാമിന്‍റെ നാല് ഷട്ടറുകളും ഉയർത്തി. ആലപ്പുഴയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നവരുടെ എണ്ണം 225 ആയി. കടൽക്ഷോഭം രൂക്ഷമായ ആറാട്ടുപുഴയിലും കാട്ടൂരുമാണ് ക്യാംപുകൾ തുറന്നത്.

ഇന്ന് രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 4.1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.