സൗദി നഗരങ്ങളില്‍ 24 മണിക്കൂർ കർഫ്യൂ, രോഗം ബാധിച്ചവരുടെ എണ്ണം 2605 ആയി ഉയര്‍ന്നു

Jaihind News Bureau
Tuesday, April 7, 2020


 
റിയാദ് : കൊവിഡ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സൗദികളുടെയും പ്രവാസികളുടെയും ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമാണിതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

റിയാദ്, തബൂക്ക്, ദമാം, ദഹ്‌റാന്‍, ഹുഫൂഫ്, ജിദ്ദ, തായിഫ്, ഖത്തീഫ്, അല്‍കോബാര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ സമയം 24 മണിക്കൂറാക്കിയത്. ഇന്ന് മുതല്‍ അടുത്ത അറിയിപ്പ് വരെ കര്‍ഫ്യു തുടരും.

സര്‍ക്കാര്‍, സ്വകാര്യമേഖലയില്‍ നേരത്തെ കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയ മേഖലകള്‍ക്ക് ആനുകൂല്യം തുടരും. താമസിക്കുന്ന പ്രദേശത്ത് ആശുപത്രികളില്‍ പോകാനും, ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും രാവിലെ ആറു മതുല്‍ വൈകുന്നേരം മൂന്നു വരെ  പുറത്തിറങ്ങാവുന്നതാണ്. ഈ സമയത്ത് ഈ പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ പാടുള്ളൂ. പരമാവധി സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കാനാണിത്.

ഭക്ഷ്യസാധനങ്ങളും മരുന്നുമടക്കം അത്യാവശ്യ സാധനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറി സേവനം ഉപയോഗപ്പെടുത്തണമെന്നും  പരമാവധി സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച രാത്രി  സൗദി അറേബ്യയില്‍ 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 2605 ആയി ഉയര്‍ന്നു. ഇതില്‍ 2016 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 38 പേരാണ് ഇത് വരെ മരണപ്പെട്ടത്.

റിയാദില്‍ 601, മക്കയില്‍ 382, ജിദ്ദയില്‍ 259, മദീനയില്‍ 229, ഖത്തീഫില്‍ 136, ദമാമില്‍ 112, ഹുഫൂഫ് 41, ദഹ്‌റാന്‍ 38, അല്‍ഖോബാര്‍ 37, തബൂക്ക് 33, ഖമീസ് മുശൈത്ത് 25, തായിഫ് 25, ഖഫ്ജി 15, ബുറൈദ 14, അബഹ 11, അല്‍ബാഹ 10, റാസ് തന്നൂറ 5, അല്‍റാസ് 4, ജിസാന്‍ 4, ജുബൈല്‍ 4, നജ്‌റാന്‍ 4, ശറൂറ 1, ബീശ 3, മഹായില്‍ അസീര്‍ 3, അഹദ് റഫീദ 2, മബ്രിസ് 2, സൈഹാത്ത് 2, ദവാദ്മി 1, ഹനാകിയ 1, മജ്മ 1, അല്‍ഉലാ 1,അല്‍വജ്ഹ് 1, ളിബാ 1, ഹഫര്‍ അല്‍ബാത്തിന്‍ 1, സാംത്ത 1, യാമ്പു 1 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ കണക്ക്.