സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ യമനിൽ 40 പേർ കൊല്ലപ്പെട്ടു. ഹുദൈദ നഗരത്തിലെ മത്സ്യക്കമ്പോളവും തുറമുഖവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തിലാണ് നാൽപ്പതോളം പേർ കൊല്ലപ്പെട്ടത്. ഇറാന്റെ പിന്തുണയുള്ള ഹൂതി കലാപകാരികളെ അമർച്ച ചെയ്യാനെന്ന പേരിൽ മൂന്നുവർഷമായി സൗദിയും സുന്നി മുസ്ലിം രാജ്യങ്ങളും പാശ്ചാത്യ പിന്തുണയോടെ യമനിൽ ആക്രമണം നടത്തുകയാണ്.
തലസ്ഥാനമായ സനായടക്കം യമന്റെ വടക്കൻമേഖല ഹൂതികളുടെ നിയന്ത്രണത്തിലാണ്. ചെങ്കടലിൽ തങ്ങൾ ഏകപക്ഷീയമായി വെടിനിർത്തുകയാണെന്ന് ചൊവ്വാഴ്ച ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. ചെങ്കടൽവഴിയുള്ള എണ്ണ കയറ്റുമതി സൗദി നിർത്തിയതിനു പിന്നാലെയായിരുന്നു ഈ തീരുമാനം. എന്നാൽ, സഖ്യസേനയുടെ വ്യോമാക്രമണത്തോടെ വീണ്ടും സംഘർഷാവസ്ഥയായി.