സല്യൂട്ട് ചെയ്യാം സേനയെ… പൂര്‍ണ ഗര്‍ഭിണിയെ രക്ഷപ്പെടുത്തിയത് എയര്‍ലിഫ്റ്റിംഗിലൂടെ !

Jaihind News Bureau
Friday, August 17, 2018

സല്യൂട്ട് ചെയ്യാം നമുക്ക് സേനയെ… ആലപ്പുഴ സ്വദേശിനി സജിത ജബീലിനെ രക്ഷപ്പെടുത്തിയതിലൂടെ ഒന്നല്ല, രണ്ട് ജീവനാണ് സൈന്യം ഭദ്രമാക്കിയത്.  പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ സേന അതിസാഹസികമായി എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ സജിത ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

സൈന്യം രക്ഷപ്പെടുത്തിയ സജിത ആശുപത്രിയില്‍ കുഞ്ഞിനൊപ്പം

പൂര്‍ണ ആരോഗ്യമുള്ളവര്‍ക്കുപോലും സാധാരണ ഗതിയില്‍‌ ഭീതിയുളവാക്കുന്നതാണ് എയര്‍ലിഫ്റ്റിംഗ്. ഒരു ഗര്‍ഭിണിയെ സംബന്ധിച്ചിടത്തോളം ആയാസകരമായ പ്രവൃത്തി എന്നതിന് പുറമെ മുകളിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴുണ്ടാകുന്ന മര്‍ദവ്യത്യാസം പോലും ആരോഗ്യാവസ്ഥയെ ഗുരുതരമായി ബാധിച്ചേക്കാം. ഇന്ത്യന്‍ നാവികസേനയുടെ ധൈര്യവും ദൃഢനിശ്ചയവും ആത്മവിശ്വാസവും സജിതയ്ക്കും കരുത്തേകി.

സജിതയെ ഇന്ത്യന്‍ നേവി രക്ഷപ്പെടുത്തുന്ന ദൃശ്യം

സജിതയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ അറിയിച്ചതിന് ശേഷമാണ് നാവികസേന എയര്‍ലിഫ്റ്റിംഗിന് തീരുമാനമെടുത്തത്. സൈന്യം പകര്‍ന്ന ധൈര്യം സജിതയ്ക്കും ആത്മവിശ്വാസമേകിയപ്പോള്‍‌ പിന്നീട് കണ്ടത് സിനിമയെ വെല്ലുന്ന രംഗം. സജിതയെ സുരക്ഷിതമായി ഹെലികോപ്റ്ററില്‍ എത്തിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ഏവരും നോക്കിനിന്നത്.

ക്യാപ്റ്റന്‍ വിജയ് വര്‍മയായിരുന്നു എയര്‍ലിഫ്റ്റിംഗിന് നേതൃത്വം നല്‍കിയത്. അമ്മയുടെയും കുഞ്ഞിന്‍റെയും ചിത്രവും നാവികേന ട്വിറ്ററില്‍ പങ്കുവെച്ചു. സജിതയെ ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തുന്ന ദൃശ്യവും നാവികസേന പുറത്തുവിട്ടിരുന്നു. ഏതായാലും ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്തുറ്റ കരങ്ങളില്‍ സുരക്ഷിതമായിരുന്നു സജിതയും കുഞ്ഞും. സല്യൂട്ട് ചെയ്യാം ഇന്ത്യയുടെ ഈ ധീരജവാന്മാരെ…