സംസ്ഥാനത്തെ സർക്കാർ കരാറുകാർ അടുത്ത മാസം 15 മുതൽ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കും. ജി.എസ്.ടി നടപ്പിലാക്കിയതിനെ തുടർന്ന് കരാറുകാർക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
ജിയഎസ്.ടി നടപ്പിലായതിനെ തുടർന്ന് ടെണ്ടർ ചെയ്തതും നിർമാണത്തിലിരിക്കുന്നതുമായ പ്രവൃത്തികൾക്ക് നികുതി അടയ്ക്കുന്നതിന് കൂടുതലായി വരുന്ന തുക സർക്കാർ നൽകുമെന്ന് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ ഈ ഉത്തരവ് തദ്ദേശ ഭരണ-പൊതുമരാമത്ത് വകുപ്പുകൾ അട്ടിമറിക്കുന്നുവെന്നാണ് കരാറുകാരുടെ ആരോപണം.
നേരത്തെ ഇതുസംബന്ധിച്ച് തീരുമാനം എടുക്കാൻ ധനകാര്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തദ്ദേശ ഭരണ-പൊതുമരാമത്ത് സെക്രട്ടറിമാർ പങ്കെടുത്തിരുന്നു. എന്നാൽ തീരുമാനം നടപ്പിലാക്കാത്തത് മൂലം 4 ശതമാനം വാറ്റ് അടച്ചു കൊണ്ടിരിക്കുന്ന കരാറുകാർ 12 ശതമാനം മുതൽ 18 ശതമാനം വരെ ജി.എസ്.ടി അടയ്ക്കാൻ നിർബന്ധിതരാവുകയാണ്. ഇതുകൂടാതെ ഒരു ശതമാനം ഇൻകംടാക്‌സും ഒരു ശതമാനം വെൽഫെയർ ടാക്‌സും അടക്കേണ്ടി വരുന്നു.
10 ശതമാനമാണ് കരാറുകാരുടെ ലാഭ വിഹിതമായി എസ്റ്റിമേറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ 14 ശതമാനം നികുതി കരാറുകാരൻ അടയ്ക്കേണ്ടി വരുന്നു.
ഇത്തരം പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ മുദ്രപത്രത്തിന്റെ വില അമിതമായി വർധിപ്പിച്ചത് പ്രതിസന്ധി രൂക്ഷമാക്കിയതായി കരാറുകാർ പറയുന്നു. പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ അടുത്ത 15 മുതൽ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കുമെന്നും കരാറുകാരുടെ സംഘടന വ്യക്തമാക്കി.