സംസ്ഥാനത്തെ ഗവർമെന്‍റ് കരാറുകാര്‍ സമരത്തിൽ; ടെണ്ടറുകള്‍ ബഹിഷ്ക്കരിക്കും

Jaihind News Bureau
Friday, January 24, 2020

സംസ്ഥാനത്തെ ഗവണ്‍മെന്‍റ് കരാറുകാര്‍   ടെണ്ടറുകള്‍ ബഹിഷ്ക്കരിച്ച് സമരത്തിൽ .  വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും നാലായിരം കോടിയോളം രൂപ കുടിശിഖ ആയ പശ്ചാത്തലത്തിലാണ് തീരുമാനം.  കേപ്പബലിറ്റി സര്‍ട്ടിഫിക്കറ്റുള്‍ നല്‍കിയാല്‍ മാത്രമെ കരാറുകാര്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാനാകൂ എന്ന തീരുമാനവും ചെറുകിട കരാറുകാര്‍ക്ക് വന്‍ബാധ്യത സൃഷ്ടിക്കുന്നതായും ഇവര്‍ പറയുന്നു.

കഴിഞ്ഞ ആറ് മാസമായി തദ്ദേശ സ്വയംഭരണ വകുപ്പുകളില്‍ നിന്നും  1300 കോടി രൂപയും പൊതുമരാമത്ത് വകുപ്പുകളില്‍ നിന്ന് 2200 കോടി രൂപയും മറ്റ് വകുപ്പുകളില്‍ നിന്നായി ആറായിരം കോടി രൂപയും സംസ്ഥാനത്തെ കരാറുകാര്‍ക്ക് കുടിശിഖയായി ലഭിക്കാനുണ്ട്. തുക അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുളളവരെ സമീപിച്ചിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ടെണ്ടറുകള്‍ ബഹിഷ്കരിക്കാന്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചത്

ഒരു കോടി രൂപയില്‍ താഴെയുളള റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക്   പൊതുമരാമത്ത് വകുപ്പ് നേരിട്ടായിരുന്നു ഇതുവരെ ടാര്‍ വാങ്ങി നല്‍കിയിരുന്നത്.എന്നാല്‍ ഇത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതും വലിയ തിരിച്ചടി സൃഷ്ടിക്കുന്നതായി കരാറുകാര്‍ ആരോപിക്കുന്നു.വിവിധ തട്ടുകളിലുളള കരാറുകാര്‍ക്ക് ഒരു കോടി മുതല്‍ പത്ത് ലക്ഷം വരെയുളള കേപ്പബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ബാങ്ക് മുഖാന്തരിരം വാങ്ങി നല്‍കിയാല്‍ മാത്രമെ ലൈസന്‍സ് പുതുക്കി നല്‍കാനാവൂ എന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.കരാറു പണി തുടർന്ന് കൊണ്ടുപോകാൻ കഴിയാത്ത വിധം സാമ്പത്തിക പ്രയാസത്തിലാണ് ഉള്ളതെന്നും കരാറുകാർ പറയുന്നു. കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ താല്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവും ഇവർക്കുണ്ട്.