കൊച്ചി: കപ്പലിടിച്ച് ജീവൻ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സർക്കാർ അവഗണിക്കുന്നതായി പരാതി. ഇടിച്ച കപ്പലിലെ ജീവനക്കാർക്കെതിരെയുള്ള കേസിൽ സർക്കാർ മെല്ലെപ്പോക്ക് തുടരുകയാണെന്നും ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഓഷ്യാനിക് എന്ന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ 5 പേരാണ് മരിച്ചത്. 7 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമുണ്ടായി.
എം.വി ദേശക്തി എന്ന ഇന്ത്യൻ കപ്പലാണ് അപകടമുണ്ടാക്കിയതെന്ന് തെളിഞ്ഞു. തുടർന്ന് കപ്പലിന്റെ ക്യാപ്റ്റനേയും സെക്കൻഡ് ഓഫീസറെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത് കൊണ്ടുവന്നു. എന്നാല്‍ ഇവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയത്. അന്നു തന്നെ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. ഇപ്പോൾ കപ്പൽ വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുകയാണ് ഉടമകൾ. എന്നാൽ സർക്കാർ കേസിനെ ഗൗരവത്തോടെ കാണുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.
ഈ പ്രളയ കാലത്ത് കേരളത്തെ കൈ പിടിച്ചുയർത്തിയത് മത്സ്യത്തൊഴിലാളികളാണ്. നമ്മുടെ സൈന്യം എന്നാണ് മുഖ്യമന്ത്രി ഇവരെ വിശേഷിപ്പിച്ചത്. ആ വികാരത്തിൽ തന്നെ മുനമ്പം അപകടത്തിനിരയായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണമെന്നും ഈ രംഗത്തുള്ളവർ ആവശ്യപ്പെടുന്നു.
https://www.youtube.com/watch?v=rAsuDTJyNFU