കപ്പല്‍ ജീവനക്കാരെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച ഷാര്‍ജ ഷെയ്ഖ് ഖാലിദിനെ പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു

Jaihind News Bureau
Sunday, March 15, 2020

ദുബായ് : ഷാര്‍ജയില്‍ പുറംകടലില്‍ കുടുങ്ങിയ കപ്പലിലെ ജീവനക്കാര്‍ക്ക് കേരളത്തിലേക്ക് മടങ്ങാനുള്ള വഴിയൊരുക്കാന്‍ സഹായിച്ച, ഷാര്‍ജ സീപോര്‍ട്‌സ് ആന്‍ഡ് കസംറ്റംസ് ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുള്ള ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസ്മിയെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ദുബായ് ആസ്ഥാനമായ  കമ്പനിയുടെ കപ്പലിലെ ജീവനക്കാര്‍ ഷാര്‍ജയില്‍ പുറംകടലില്‍ കുടുങ്ങിയ വാര്‍ത്ത നേരത്തെ ‘ജയ്ഹിന്ദ് ന്യൂസ് ‘ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
                                                                                                                             
കപ്പല്‍ പുറംകടലില്‍ എവിടെയാണ് നങ്കൂരമിട്ടിരിക്കുന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ച്, മലയാളികള്‍ക്കായി നേരിട്ട് ഇടപെടല്‍ നടത്തിയ ഷെയ്ഖ് ഖാലിദിനും ഷാര്‍ജ ഖാലിദ് പോര്‍ട്ട് മാനേജര്‍ യാക്കൂബ് അബ്ദുള്ളയ്ക്കും മുഴുവന്‍ മലയാളികള്‍ക്ക് വേണ്ടിയാണ് നന്ദി അറിയിച്ചതെന്ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുബായില്‍ ‘ജയ്ഹിന്ദ് ന്യൂസിനോട് ‘ പറഞ്ഞു.  നേരത്തെ, ഷാര്‍ജ സന്ദര്‍ശനത്തിനിടെ, ഷെയ്ഖ് ഖാലിദുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും, ഇന്ത്യക്കാരോട് പ്രത്യേകിച്ച് മലയാളികളോട് എന്നും പ്രത്യേക താല്‍പ്പര്യമുള്ള വ്യക്തിത്വമാണ് ഇദേഹമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ നേരിട്ട് ഇടപെട്ട് നേതൃത്വം നല്‍കിയ ഷാർജയിലെ വ്യവസായിയും ഗുരുവായൂർ സ്വദേശിയുമായ വി.ടി. സലിമിനെയും രമേശ് ചെന്നിത്തല അഭിനന്ദിച്ചു.
                                                                 
മൂന്ന് മാസം മുന്‍പ് ദുബായിയില്‍ നിന്ന് ഇറാനിലേക്ക് പോയ കപ്പലില്‍ ഇന്ത്യക്കാരടക്കം 12 പേരുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി ഷിബു, പാലക്കാട് സ്വദേശി രജീഷ്, കോഴിക്കോട് സ്വദേശി പ്രകാശന്‍ എന്നിവരാണ് സംഘത്തിലുള്ള മലയാളികള്‍. ജോലി പൂര്‍ത്തിയാക്കി ഇറാനിലെ ജീവനക്കാരെ അവിടെ തന്നെ  ഇറക്കിയ ശേഷം, കപ്പല്‍ ഷാര്‍ജയിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍, കപ്പല്‍ പുറംകടലില്‍ എത്തിയപ്പോള്‍, ഇറാനിലേക്ക് തന്നെ മടങ്ങിക്കൊള്ളാന്‍ കമ്പനി അധികൃതര്‍ പറഞ്ഞതോടെയാണ് പ്രതിസന്ധിയ്ക്ക് കാരണമായത്.