തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ കുറിച്ച് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലപ്മെന്റ് സ്റ്റഡീസ്( ആര്.ജി.ഐ.ഡി.എസ്) ശാസ്ത്രീയ പഠനം നടത്തുന്നു. പ്രകൃതി ദുരന്ത നിരവാരണ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ മൈക്കിള്‍ വേദ ശിരോമണി ഐ.ഐ.എസിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി ആര്.ജി.ഐ.ഡി.എസ് ഡയറക്ടര്‍ ബി.എസ് ഷിജു അറിയിച്ചു.
ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്മാന് ഉമ്മന്‍ വി ഉമ്മന്‍, ദേശീയ ഭൂമി ശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ മത്തായി, കെ.എസ്.ഇ.ബി മുന്‍ ഡയറക്ടര്‍ മുഹമ്മദ് അലി റാവുത്തർ, ജലസേചന വകുപ്പിലെ മുൻ ഡെപ്യൂട്ടി ചീഫ് ഇഞ്ചിനീയർ തോമസ് വർഗീസ് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
ദുരന്തത്തിലേക്ക് നയിച്ച ഘടകങ്ങള്‍, ദുരന്തം നേരിടാന്‍ നടത്തിയ തയാറെടുപ്പുകള്‍, പ്രളയം നേരിടുന്നതിലുണ്ടായ വീഴ്ച, ദുരന്തത്തിന്റെ വ്യാപ്തി, ദുരന്ത ബാധിത പ്രദേശങ്ങളിലുണ്ടായ നഷ്ടം, രക്ഷാ പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ച, ഇത്തരം ദുരന്തങ്ങള്‍ നേരിടുന്നതിന് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ തുടങ്ങിയ വിഷയങ്ങളാകും സമിതി പഠന വിധേയമാക്കുക.
സമിതി അംഗങ്ങള്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. ബന്ധപ്പെട്ട വിവിധ മേഖലയിലെ വിദഗ്ധരുമായും സമിതി ആശയ വിനിമയം നടത്തും. ഇതിനുശേഷമാകും റിപ്പോര്‍ട്ട് തയാറാക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും ഒരു മാസത്തിനുള്ളില്‍ സമഗ്ര റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
റിപ്പോർട്ട് ലഭിച്ചാലുടൻ അതിനെ അടിസ്ഥാനപ്പെടുത്തി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് സെമിനാറുകൾ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുമെന്ന് ആർ.ജി.ഐ.ഡി.എസ് ഡയറക്ടർ അറിയിച്ചു.