പ്രളയത്തിന്റെ ബാക്കിപത്രം… ചെങ്ങന്നൂരില്‍ കാര്യങ്ങള്‍ ഗുരുതരം

Jaihind News Bureau
Wednesday, August 22, 2018

പ്രളയജലം ഒഴിഞ്ഞങ്കെിലും ചെങ്ങന്നൂരിന്റെ വിവിധ മേഖലകളിൽ കടന്നു ചെല്ലുകയെന്നതിപ്പോഴും പ്രയാസകരമാണ്. റോഡിലും വീട്ടിലും ചെളിനിറഞ്ഞും പാലങ്ങൾ തകർന്നും റോഡിന്റെ വശങ്ങൾ ഇടിഞ്ഞും കിടക്കുന്നതാണ് ഈ മേഖലകളിലേക്ക് ചെന്നെത്താൻ ബുദ്ധിമുട്ടാകുന്നത്. സർട്ടിഫിക്കറ്റുകളും കുട്ടികളുടെ പുസ്തകങ്ങളും നശിച്ചതോടെ എന്തുചെയ്യുമെനന്റിയാതെ ബുദ്ധിമുട്ടുകയാണ് പലരും.

https://www.youtube.com/watch?v=PweQKpQp6Ps

വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിച്ച ചെങ്ങന്നൂര്‍ മേഖലയിലേക്ക് ബസ് സര്‍വീസടക്കം പുനഃരാരംഭിച്ചതോടെയാണ് ഞങ്ങള്‍ ഈ മേഖലകളിലേക്ക് യാത്രതിരിച്ചത്. പേരിശ്ശേരിയിലെത്തിയപ്പോഴേക്കും അത് സംഭവിച്ചു. ജയ്ഹിന്ദ് ന്യൂസിന്റെ വാഹനവും തെന്നിമാറി അപകടത്തില്‍പെട്ടു. അപകടത്തില്‍ ക്യാമറാമാന്‍ പ്രവീണ്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. പ്രളയവും പേമാരിയും പെയ്‌തൊഴിഞ്ഞിട്ടും ഈ നഷ്ടങ്ങളുടെ കണക്കെടുക്കാന്‍ പോലും ഇതുവരെ ഇവിടെ ആരുമെത്തിയിട്ടില്ല. ആദ്യമെത്തിയ ദൃശ്യമാധ്യമവും ജയ്ഹിന്ദ് ന്യൂസെന്ന് ഇവര്‍ പറയുന്നു.

കുടിവെള്ളമോ, വീടുകള്‍ ക്ലീന്‍ ചെയ്യുന്നതിനുള്ള സൗകര്യങ്ങളോ ഇല്ല. ഇതിനാവശ്യമായ ക്ലോറിനടക്കമുള്ള ശുചീകരണസാമഗ്രികളുമില്ല. വൈദ്യുതി പോലും ഇതുവരെയും പുനഃസ്ഥാപിച്ചിട്ടില്ല. ഒരു മെഴുകുതിരിവാങ്ങാനുള്ള കട പോലുമില്ല. വിവിധ മേഖലകളില്‍ നിന്നെത്തുന്ന സഹായങ്ങളത്രയും റോഡരികിലും എറ്റവും അടുത്തുമുള്ള ക്യാമ്പുകളിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് യാതൊന്നും ലഭിക്കാത്ത അവസ്ഥയാണ്.

വെള്ളം നശിപ്പിച്ച സര്‍ട്ടിഫിക്കറ്റുകളും റേഷന്‍കാര്‍ഡുമൊക്കെ വീണ്ടെടുക്കുന്നതിനും നാശോന്മുഖമായ വാഹനങ്ങളുടെയടക്കം ഇന്‍ഷുറന്‍സ് നടപടികള്‍ എങ്ങനെയെന്നും ഇവര്‍ക്കിനിയുമറിയില്ല. കല്യാണം പോലും മാറ്റിവെയ്‌ക്കേണ്ടി വന്നവരുമുണ്ട്.

പാലവും റോഡുമൊക്കെതകര്‍ച്ചയിലായതോടെ ആവശ്യങ്ങള്‍ സാധിക്കാന്‍ പുറംലോകത്തേക്ക് എങ്ങനെയെത്തുമെന്നുളള ആശങ്കയിലാണ് ഇവിടുത്തുകാര്‍.