കിടപ്പാടമൊരുക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങിയ ജോസഫിന് സമാശ്വാസവുമായി രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, February 14, 2019

പ്രളയത്തിൽ തകർന്ന വീട് നിർമ്മിക്കാൻ നിവൃത്തിയില്ലാതെ സ്വന്തം വൃക്ക വിൽക്കേണ്ട ഗതികേടിൽ എത്തിച്ചേർന്ന ഇടുക്കി വെള്ളത്തൂവൽ തണ്ണിക്കോട്ടിൽ ജോസഫിന് സമാശ്വാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നവോത്ഥാനവും അതിജീവനവും സർക്കാർ വാഗ്ദാനവും പ്രഖ്യാപനങ്ങളും മുറയ്ക്ക് നടക്കുമ്പോഴാണ് ,പ്രളയത്തിൽ തകർന്ന വീട് നന്നാക്കാൻ അടിമാലി വെള്ളത്തൂവലിലെ വൃദ്ധ ദമ്പതികൾ . വൃക്ക വിൽപനക്കൊരുങ്ങിയത്. തകർന്ന വീടിന്‌ടെ ചുമരിൽ വൃക്ക വിൽപനക്കായി പരസ്യം എഴുതി വച്ചാണ് അതിജീവനത്തിനായുള്ള ഇവരുടെ ശ്രമം.സർക്കാർ പ്രഖ്യാപിച്ച 10000 രുപ പോലും കൈക്കൂലി നൽകാത്തതിനാൽ ലഭിച്ചിട്ടില്ല എന്നാണ് ഇവരുടെ ആരോപണം.

ദുരന്തത്തിൽ എട്ടു മുറികൾ തകർന്ന വീട്. കൈക്കൂലി കൊടുക്കാത്തതിനാൽ ഒരു സഹായവും കിട്ടിയില്ല. അതിന് പണമുണ്ടാക്കാൻ വൃക്ക വിൽപനക്ക് . വെള്ളത്തൂവൽ തണ്ണിക്കോട്ട് ജോസഫിന്റെ വീട്ടു ചുമരിലെ പരസ്യമാണിത്. ആഗസ്റ്റിലെ പ്രളയകാലത്തെ വീടിന്റെ തകർച്ചയെ തുടർന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു. ആറു മാസമായിട്ടും ഒരു സഹായവും കിട്ടാത്തതിനു കാരണം കൈക്കൂലി കൊടുക്കാഞ്ഞതിനാലാണെന്ന് ജോസഫിന്റെ ആരോപണം

ഇരുപത്തിയഞ്ചു വർഷത്തെ അദ്ധ്യാനത്തിൽ നിർമ്മിച്ച വീടാണ് തകർന്നത്.നാളിതുവരെ ഒരു സർക്കാർ സഹായവും ഇവർക്ക് ലഭിച്ചിട്ടില്ല. എന്നാൽ വീടു പൂർണ്ണമായ് തകർന്നിട്ടില്ലാത്തതും, സാങ്കേതിക തടസ്സങ്ങളുമാണ് പ്രശ്‌നത്തിന് കാരണമായി അധികൃതർ പറയുന്നത്. അതിനിടെ സംഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞ ഉടനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജോസഫുമായി ബന്ധപ്പെടുകയും, വിശദമായി വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വീട് പൂർണ്ണമായും തകർന്നിട്ടും ഒരു രൂപയുടെ പോലും സർക്കാർ സഹായം ലഭിച്ചില്ലന്ന് ജോസഫ് പ്രതിപക്ഷ നേതാവിനോട് വെളിപ്പെടുത്തി. പഞ്ചായത്തിൽ നിന്നുള്ള ആദ്യ പരിശോധനയിൽ 25 ശതമാനം നാശനഷ്ടമുണ്ടായില്ലന്ന് വിലയിരുത്തിയതാണ് തനിക്ക് വിനയായതെന്ന് ജോസഫ് പറഞ്ഞു.

ഇതിനെ തുടർന്ന് രമേശ് ചെന്നിത്തല ഇടുക്കി കളക്റ്റർ ജീവൻ ബാബുവിനെ ഫോണിൽ വിളിക്കുകയും ഉടൻ ജോസഫിനെയും കുടംബാംഗങ്ങളെയും നേരിൽ കണ്ട് വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷ നേതാവ് നിർദേശിച്ചതനുസരിച്ച് ജോസഫിന്റെ വീട്ടിലെത്തിയ ഇടുക്കി ജില്ലാ ക്‌ളക്റ്റർ പുതിയ വീട് വക്കാനുള്ള സഹായമുൾപ്പെടെ എല്ലാ സഹായങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ഉറപ്പ് നൽകി.

കഴിഞ്ഞ മാസങ്ങളിൽ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രതിപക്ഷ നേതാവിന് ലഭിച്ച പതിമൂവായിരത്തോളം പരാതികളിൽ നാലായിരത്തോളം പരാതികൾ സർക്കാർ വാഗ്ദാനം ചെയ്ത പതിനായിരം രൂപ പോലും ലഭിച്ചില്ല എന്നതിലായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ അമ്പേ പരാജയപ്പെട്ടു എന്നതിന്റെ പ്രകടമായ തെളിവാണ് തണ്ണിക്കോട്ടിൽ ജോസഫിന് തകർന്ന തന്റെ വീട് പുനർ നിർമിക്കാൻ വൃക്ക വിൽക്കേണ്ട അവസ്ഥയുണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.