ചട്ടം ലംഘിച്ച് ക്യാമ്പ് ഫോളോവര്‍മാരെയും പോലീസുകാരെയും ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ നിയോഗിച്ചിരിക്കുന്നതിന്റെ കണക്കുകള്‍ പുറത്ത്. തിരുവനന്തപുരം എ.ആര് ക്യാമ്പിൽ നിന്നുമാണ് ഏറ്റവും കൂടുതൽ പേരെ അടിമപ്പണിക്ക് നിയോഗിച്ചിരിക്കുന്നത്. അതേസമയം ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിയോഗിച്ചിട്ടുള്ള ക്യാമ്പ് ഫോളോവേഴസിനെ തിരിച്ചയച്ചു തുടങ്ങി. എ.ഡി.ജി.പി ആനന്ദകൃഷ്ണന് ക്യാമ്പ് ഫോളോവേഴ്സിനെ സംബന്ധിച്ച വിവരങ്ങള്‍ നല്കാന് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്മാരുടെ നടപടി. അതേ സമയം ക്യാമ്പ് ഫോളോവേഴ്സിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ നടപടി ഉണ്ടാകുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ക്യാമ്പ് ഫോളോവേർസിനെ ഉപയോഗിക്കുന്നതിൽ നിർദ്ദേശങ്ങൾ താൻ അടക്കമുള്ള ആളുകൾക്ക് ബാധകമാണെന്ന് ഡി.ജി.പി. ക്യാമ്പ് ഫോളോവേഴ്സിന്റെ വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്. വിവരങ്ങൾ ലഭ്യമായാൽ ഉടൻ നടപടിയെടുക്കും. എ.ഡി.ജി.പിയുടെ മകളുടെ കേസ് അന്വേഷണം ക്രൈം ബെഞ്ചിന് കൈമാറി. അതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.
ക്യാമ്പ് ഫോളോവേഴ്സിനെയും പോലീസുകാരെയും ഉന്നത ഉദ്യോഗസ്ഥര്‍ ദാസ്യപ്പണിക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്ത് വന്നതിനു പിന്നാലെയാണ് പുതിയ കണക്കുകളും പുറത്ത് വന്നിരിക്കുന്നത്. പോലീസ് അസോസിയേഷന് നടത്തിയ കണക്കെടുപ്പിലാണ് വിവരങ്ങള്‍ പുറത്ത് വന്നത്. ഏറ്റവും കുടുതൽ തിരുവനന്തപുരം AR ക്യാമ്പ് ഫോളോവേഴ്സിനെയാണ് ഉദ്യോഗസ്ഥരുടെ വീട്ടുപ്പണികള്ക്കും മറ്റുമായി നിയോഗിച്ചിരിക്കുന്നത്.
തിരുവനന്തപുരം എ.ആര് ക്യാമ്പില്‍ നിന്ന് മാത്രം 53 പോലീസുകാരെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളില്‍ ദാസ്യപ്പണിക്കായി നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 18 പേര് വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ്. 16 പേര് നിലവില്‍ പോലീസില്‍ ചുമതലകളില്‍ ഇല്ലാത്ത ഉദ്യോഗസ്ഥര്ക്കൊപ്പവുമാണ് ഉള്ളത്. 20 പേര് വിവിധ കമ്മീഷനുകള്ക്കൊപ്പവുമാണ്.
അതിനിനിടെ ക്യാമ്പ് ഹൗസ് ഡ്യൂട്ടി എന്ന പേരില്‍ ചട്ടംലഘിച്ച് വീടുകളില്‍ അടിമപ്പണിക്കായി നിയോഗിച്ചിട്ടുള്ള കണക്ക് ഉടനെ നല്‍കണം എന്നാവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ആനന്ദകൃഷ്ണന് സര്‍ക്കുലര്‍ അയച്ചു. എസ്.പി മുതലുള്ളവര്‍ കണക്ക് ഹാജരാക്കണം എന്നാണ് നിര്‍ദേശം. നിര്‍ദേശത്തിന് പിന്നാലെ വീടുകളില്‍ നിയോഗിച്ചിട്ടുള്ള ക്യാമ്പ് ഫോളോവേഴ്സിനെ തിരിച്ചയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തിരക്കിട്ട നീക്കം തുടങ്ങിയിട്ടുണ്ട്. അതേസമയം ക്യാമ്പ് ഫോളോവേഴ്സിനെ സംബന്ധിച്ച വിവരങ്ങള്‍ ആരഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടി എടുക്കുമെന്നും ഡി.ജി.പി പറഞ്ഞു.