പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ തെരഞ്ഞെടുപ്പു യോഗത്തിലുണ്ടായ സ്ഫോടനത്തിൽ ബിഎപി സ്ഥാനാർഥി സിറാജ് റൈസാനി ഉൾപ്പെടെ 133 പേർ കൊല്ലപ്പെട്ടു. മുൻ ബലൂച് മുഖ്യമന്ത്രി നവാബ് അസ്ലം റൈസാനിയുടെ സഹോദരനാണ് സിറാജ് റൈസാനി.
കോർണർ യോഗത്തിൽ ചാവേർ ഭടനാണു സ്ഫോടനം നടത്തിയതെന്നാണു പ്രാഥമിക റിപ്പോർട്ട്. 200 പേർക്കു പരിക്കേറ്റെന്നും ഇതിൽ 15 പേരുടെ നില ഗുരുതരമാണെന്നും പ്രവിശ്യാ ആരോഗ്യമന്ത്രി ഫയിസ് കാക്കർ പറഞ്ഞു.
പരിക്കേറ്റവരെ ക്വറ്റ നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പലേടത്തും അക്രമങ്ങൾ അരങ്ങേറുന്നതായി റിപ്പോർട്ടുണ്ട്. ജൂലൈ25നാണു തെരഞ്ഞെടുപ്പ്. ഇന്നലെ ഖൈബർ പക്തൂൺഹ്വാ പ്രവിശ്യയിലെ ബന്നുവിൽ ഉണ്ടായ മറ്റൊരു സ്ഫോടനത്തിൽ അഞ്ചുപേർക്കു ജീവഹാനി നേരിട്ടു.
തിങ്കളാഴ്ച പെഷവാറിലെ യോഗത്തിൽ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ അവാമി നാഷണൽ പാർട്ടി നേതാവും സ്ഥാനാർഥിയുമായ ഹാറൂൺ ബിലൂറും 19 പേരും കൊല്ലപ്പെട്ടു.