ഗുജറാത്ത് വ്യാജ ഏറ്റുമുട്ടൽ ഹർജികളിൽ ഗുജറാത്ത് സർക്കാരിന് തിരിച്ചടി.നരേന്ദ്ര മോദി മുഖ്യമന്ത്രി ആയിരുന്ന 2002 -2006 കാലഘട്ടത്തിൽ ഗുജറാത്തിൽ ഉണ്ടായ 22 വ്യാജ ഏറ്റുമുട്ടൽ കേസ്സുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ഹർജിക്കാർക്ക് കൈമാറാൻ സുപ്രീം കോടതി അനുമതി നൽകി.
വ്യാജ ഏറ്റുമുട്ടൽ കേസുകളെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് എച്ച് എസ് ബേദിയുടെ റിപ്പോർട്ട് ഹർജിക്കാർക്ക് കൈമാറുന്നതിനെ ഗുജറാത്ത് സർക്കാർ എതിർത്തിരുന്നു. മാധ്യമ പ്രവർത്തകനായ ബി ജി വർഗീസ്, കവി ജാവേദ് അക്തർ എന്നിവർ ആണ് ഹർജിക്കാർ.അന്വേഷണ റിപ്പോർട്ട് സമിതിയിലെ മറ്റ് അംഗങ്ങളോട് പങ്ക് വച്ചിരുന്നുവോ എന്നതിനെ സംബന്ധിച്ച ജസ്റ്റിസ് ബേദിയുടെ നിലപാട് അറിഞ്ഞ ശേഷം ആണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ജസ്റ്റിസ് മാരായ എൽ നാഗേശ്വർ റാവു, സഞ്ജയ് കിഷൻ കൗൾ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് ബേദിയുടെ റിപ്പോർട്ടിൽ പ്രമുഖർക്ക് എതിരെ പരാമർശം എന്നാണ് സൂചന.കേസ് നാലാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനും കോടതി തീരുമാനമായി.