കുരുമുളക് വിലയില്‍‌ വന്‍ ഇടിവ്; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് കുരുമുളക് വില ഇടിഞ്ഞു. 2012 മുതൽ ഉണർവ് പ്രകടമായി തുടങ്ങിയ ശേഷം 2013 ഒക്ടോബറിൽ 400 രൂപയ്ക്ക് മുകളിൽ കച്ചവടം നടന്ന കുരുമുളകിന്റെ ഇന്നത്തെ വിപണി വില 340 രൂപ മാത്രമായിരുന്നു. ഏതാനും മാസമായി 350 നും 400 നും മധ്യേ കച്ചവടം നടന്ന കുരുമുളകിന്റെ വില എതാനും ദിവസങ്ങളായി താഴുകയാണ്. കുരുമുളകിന്റെ ഇറക്കുമതിയും കള്ളക്കടത്തുമാണ് വിപണിയെ തകിടം മറിക്കുന്നത്. കുരുമുളകിന് തറവില 500 രൂപയാക്കി നിശ്ചയിച്ച ശേഷവും ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടായില്ല. അതിനിടെ കുരുമുളക് കള്ളക്കടത്ത് വർധിച്ചത് ഏറെ ദോഷകരമായി ബാധിച്ചു.

വിയറ്റ്നാമിൽ നിന്നുള്ള കുരുമുളക് ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലൂടെയാണ് കള്ളക്കടത്തായി ഉത്തരേന്ത്യയിലേക്ക് എത്തുന്നത്. ഇതോടൊപ്പം കർണാടകയിൽ നിന്നുള്ള കുരുമുളകും കേരളത്തിലെ വിപണിയിലേക്കും എത്തുന്നു. കർണാടകയിൽ നിന്നുള്ള വലിപ്പം കൂടിയ കുരുമുളകിന് വിപണികളിൽ പ്രിയമേറിയതാണ് കേരളത്തിലെ കുരുമുളകിന് തിരിച്ചടിയായത്. മുoബൈ, കൊൽക്കത്ത, ഡൽഹി തുടങ്ങിയ നഗരങ്ങളാണ് കുരുമുളകിന്റെ പ്രധാന ആഭ്യന്തര വിപണികൾ. അമിത രാസവളപ്രയോഗമില്ലാതെ ഉൽപാദിപ്പിക്കുന്ന കേരളത്തിലെ കുരുമുളകിന് മെച്ചപ്പെട്ട ഗുണനിലവാരമാണുള്ളത്.

എന്നാൽ ഇതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിയറ്റ്നാം മുളക് വിപണിയിൽ ലഭിക്കുന്നതാണ് കർഷകർക്ക് തിരിച്ചടിയാകുന്നത്. കഴിഞ്ഞ വർഷം 710 രൂപ വരെയും 2016ൽ 730 രൂപ വരെയും ലഭിച്ച കുരുമുളകിന്റെ വിലയാണ് 340 ൽ എത്തി നിൽക്കുന്നത്. കൃഷി പരിപാലനത്തിനും വിളവെടുപ്പിനുമായി മുടക്കുന്ന തുകയുടെ ഒരു ഭാഗം പോലും ഉൽപന്നം വിറ്റാൽ ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. വിലയിടിവ് തുടരുന്നതിനൊപ്പം കാലവർഷത്തിൽ കുരുമുളക് ചെടികൾ വ്യാപകമായി നശിച്ചതും കർഷകർക്ക് തിരിച്ചടിയായി.

Idukkib;ack pepper plant
Comments (0)
Add Comment