സ്വീഡനെ വീഴ്ത്തി ഇംഗ്ലീഷ് പട സെമിയില്‍

Jaihind News Bureau
Sunday, July 8, 2018

ലോകകപ്പ് ഫുട്‌ബോളിൽ സ്വീഡനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കീഴടക്കി ഇംഗ്ലണ്ട് സെമി ഫൈനലിൽ. 1990 ന് ശേഷം ആദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് സെമി ബർത്ത് ഉറപ്പിക്കുന്നത്. നീണ്ട 28 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിക്കുന്നത്. ഇരുപകുതികളിലുമായി ഹാരി മഗ്വയറും ഡെലെ അലിയും നേടിയ ഗോളുകളാണ് ഇംഗ്ലണ്ടിന് മിന്നുന്ന ജയം സമ്മാനിച്ചത്.

തുടക്കം മുതൽ തന്നെ ഇംഗ്ലീഷ് ആധിപത്യം കളത്തിൽ പ്രകടമായിരുന്നു.
ആഷ്‌ലി യംഗും സ്‌റ്റെർലിംഗും സ്വീഡന്റെ പ്രതിരോധം തുളച്ച് മുന്നേറി.
മുപ്പതാം മിനിറ്റിൽ ഇംഗ്ലണ്ട് മുന്നിലെത്തി. യംഗിന്‍റെ കോർണർ കിക്കിൽ ഉയർന്ന് ചാടി ശക്തമായ ഹെഡറിലൂടെ ഹാരി മഗ്യൂറി സ്വീഡന്റെ വല കുലുക്കി. ലീഡ് ഉയർത്താനായി ഇംഗ്ലണ്ട് വീണ്ടും ആക്രമണം അഴിച്ചുവിട്ടു. എന്നാൽ സ്വീഡൻ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഇംഗ്ലണ്ടിന് ഒന്നിലേറെ തുറന്ന അവസരങ്ങൾ ലഭിച്ചു. പക്ഷെ അതൊന്നും ലക്ഷ്യം കണ്ടില്ല. ട്രിപ്പിയർ നീട്ടിക്കൊടുത്ത പന്തുമായി കുതിച്ച സ്‌റ്റെർലിമഗിന് അവസാന നിമിഷം പിഴച്ചു.

ഇടവേളയ്ക്ക് ശേഷവും ഇംഗ്ലണ്ട് മുന്നേറ്റം തുടർന്നു. 58-ാം മിനിറ്റിൽ അവർ ലീഡ് ഉയർത്തുകയും ചെയ്തു. ഡെലെ അലിയാണ് സ്‌കോർ ചെയ്തത്. ലിംഗാർഡ് പെനാൽറ്റി ഏരിയയിലേക്ക് ഉയർത്തിവിട്ട പന്ത് ഹെഡറിലൂടെ അലി ഗോളാക്കി.

രണ്ട് ഗോൾ വീണതോടെ സ്വീഡൻ പോരാട്ടം മുറുക്കി. മാർക്കസ് ബെർഗിന്റെ കുതിപ്പ് ഗോളാകുമെന്ന് തോന്നി. ബെർഗിന്റെ ഷോട്ട് പക്ഷെ ഇംഗ്ലീഷ് ഗോളി കൈപ്പിടിയിലൊതുക്കി. അവസാന നിമിഷങ്ങളിലും സ്വീഡന് അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല.

കൊളംബിയയെ തോൽപിച്ച ടീമിനെ തന്നെയാണ് ഇംഗ്ലണ്ട് കളിക്കളത്തിലിറക്കിയത്. അതേസമയം സ്വീഡൻ സ്വീറ്റ്‌സർലൻഡിനെ തോൽപിച്ച ടീമിൽ രണ്ട് മാറ്റം വരുത്തി. പ്രതിരോധ നിരക്കാരൻ എമിൽ ക്രാഫ്റ്റിനെയും മധ്യനിരക്കാരൻ സെബാസ്റ്റ്യൻ ലാഴ്‌സനെയും അവസാന ടീമിൽ ഉൾപ്പെടുത്തി. മൈക്കൽ ലസ്റ്റിംഗിനെയും വെൻസണെയും ഒഴിവാക്കി.