നാസയുടെ സൂര്യ ഗവേഷണ ഉപഗ്രഹമായ പാർക്കർ സോളാർ പ്രോബ് വിക്ഷേപിച്ചു. അമേരിക്കയിലെ കേപ്കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ സമയം ഒന്നരയോടെയാണ് സോളാർ പ്രോബ് ചരിത്ര യാത്ര തുടങ്ങിയത്.
നേരത്തെ നിശ്ചയിച്ചതിലും 24 മണിക്കൂർ വൈകിയാണ് വിക്ഷേപണം നടത്തിയത്. ഹീലിയം മർദം കൂടിയെന്ന അറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു വിക്ഷേപണം നീട്ടിവെച്ചത്.
സൂര്യനെ ഏറ്റവും അടുത്തറിയാനെന്ന ലക്ഷ്യത്തോടെയാണ് 1.5 ബില്യൺ ഡോളർ ചെലവിൽ പാർക്കർ സോളാർ പ്രോബിനെ നാസ 20 വർഷത്തെ ഗവേഷണത്തിനൊടുവിൽ പൂർത്തിയാക്കിയത്. ഏഴുവർഷമെടുത്താണ് പാര്‍ക്കര്‍ സോളാര്‍ ദൗത്യം പൂർത്തിയാക്കുക. ചരിത്രത്തിൽ ആദ്യമായാണ് ഒരു നക്ഷത്രത്തിന്റെ സൂക്ഷമ നിരീക്ഷണത്തിനായി ഉപഗ്രഹ വിക്ഷേപണം നടത്തുന്നത്.
സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങൾ സംബന്ധിച്ച് പഠനം നടത്തലാണ് പാർക്കർ സോളാർ പ്രോബിലൂടെ നാസ ലക്ഷ്യമിടുന്നത്. ലക്ഷക്കണക്കിന് ഡിഗ്രി സെൽഷ്യസ് വരുന്ന കടുത്ത താപനില അതീജീവിച്ച് സൂര്യനോട് 61 ലക്ഷം കിലോമീറ്ററുകൾ അടുത്തുനിന്നാകും പാർക്കറിന്റെ നിരീക്ഷണം. ഇതോടെ സൂര്യന് ഏറ്റവും അടുത്തെത്തുന്ന ബഹിരാകാശദൗത്യമെന്ന ബഹുമതിയും ഇത് സ്വന്തമാക്കും.
കനത്ത ചൂടിൽ ഉരുകി പോകാത്ത പ്രത്യേക കവചങ്ങളാണ് പാർക്കർ സോളാർ പ്രോബിനുള്ളത്. 1371 ഡിഗ്രി സെൽഷ്യസ് ചൂടാണ് കവചത്തിന് മേൽ ഉണ്ടാകുക എന്നാണ് ശാസ്ത്രഞ്ജരുടെ കണക്കുകൂട്ടൽ. ഇത് സൂര്യന് അടുത്ത് എത്തുന്നതോടെ സൂര്യനിലെ മഹാസ്ഫോടനം, കോറോണയിലെ മാറ്റങ്ങൾ, സൗരവാതം ഉൾപ്പെടെയുള്ളവയെ കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.