രക്ഷാപ്രവര്‍ത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി

Jaihind News Bureau
Sunday, August 19, 2018

കേരളം നേരിട്ട ഏറ്റവും വലിയ ദുരിതത്തില്‍ കൈമെയ് മറന്ന് സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അത് കാര്യക്ഷമമായി തുടര്‍ന്ന്‌കൊണ്ടിരിക്കും. ജനജീവിതം സാധാരണ നിലയിലാക്കുന്നതിനാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്തൊട്ടാകെ 5,645 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,24,649 ആളുകള്‍ താമസിക്കുന്നുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ക്യാമ്പുകള്‍ നടക്കുന്നത്. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള പദ്ധതികളാണ് അടുത്ത ഘട്ടം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാമ്പുകള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി വരികയാണ്. പ്രദേശിക സഹകരണം ലഭ്യമാക്കികൊണ്ടുതന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും. പ്രളയക്കെടുതിയെ തുടർന്ന് വീടുകളിലും പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകളിലേക്ക് തിരിച്ചു പോകുന്നവർക്ക് ശുദ്ധജലം, ഭക്ഷണം, വൈദ്യുതി എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മലീമസമായ ജലസ്രോതസുകൾ ശുദ്ധീകരിക്കാൻ വേണ്ട നടപടികൾ, പൈപ്പുകൾ മുറിഞ്ഞു പോയിട്ടുണ്ടെങ്കിൽ അവ പുനഃസ്ഥാപിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ എന്നിവ നൽകിയിട്ടുണ്ട്.
അതേ സമയം എല്ലാ ക്യാമ്പുകളിലും ഒരു വനിതാ പൊലീസിന്റെ സാന്നിധ്യം ഉറപ്പു വരുത്താനും തീരുമാനമായിട്ടുണ്ട്. വെള്ളം കയറിയ വീടുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സുരക്ഷ മുന്‍നിര്‍ത്തി നടപ്പിലാക്കും. തെരുവ് വിളുക്കുകളേടതക്കമുള്ള വൈദ്യുതിബന്ധം പെട്ടെന്ന് പുനഃസ്ഥാപിക്കും.
രക്ഷാപ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികളുടെ വലിയ ഇടപെടുകളുണ്ടായിട്ടുണ്ട്. അവര്‍ക്ക് ഓരോ ബോട്ടിനും ഇന്ധനത്തിന് പുറമെ ദിവസംതോറും 3,000 രൂപ നല്‍കുമെന്നും കേടുപാട് പറ്റുകയും നഷ്ടപ്പെട്ട് പോകുകകയും ചെയ്ത ബോട്ടുകള്‍ക്ക് നഷ്ട പരിഹാരം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.