മോഹന്‍ലാലിന്‍റെ ഡ്രാമ ഓണത്തിന്; ടീസറെത്തി

Jaihind News Bureau
Sunday, July 1, 2018

പ്രേക്ഷകർ എറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ഡ്രാമയുടെ ടീസർ പുറത്തിറങ്ങി. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും. ഏറെക്കുറേ മുഴുവനായും ലണ്ടനിൽ നടക്കുന്ന കഥയാണ് ഡ്രാമ പറയുന്നത്. രഞ്ജിത്-മോഹൻലാൽ കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മാസ് ഘടകങ്ങൾ തീരെയില്ലാത്ത ഒരു ചിത്രമായിരിക്കും ഡ്രാമ. തമാശയും സെന്റിമെന്റ്സും ഫാമിലി ഡ്രാമയുമെല്ലാം ചേർന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മലയാളത്തിൽ ഇതുവരെ വരാത്ത സ്വഭാവത്തിലുള്ള ചിത്രമാണിതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്.

ബന്ധുക്കൾക്കൊപ്പം താമസിക്കാൻ ലണ്ടനിൽ എത്തുന്ന ഒരു വയോധിക മരണപ്പെടുന്നതും തുടർന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഹാസ്യത്തിന്റെ മേമ്പൊടി ചാലിച്ച് അവതരിപ്പിക്കുന്നത്.

ചുരുങ്ങിയ ചുറ്റുപാടുകൾക്കകത്ത് നടക്കുന്ന കഥയായാണ് ചിത്രം ഒരുങ്ങുന്നത്. ആശാ ശരത്, കനിഹ, കോമൾ ശർമ, നിരഞ്ജ് മണിയൻ പിളള, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ, ബേബി ലാറ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമ്പോൾ മലയാളത്തിലെ പ്രമുഖ സംവിധായകൻമാരായ ശ്യമപ്രസാദ്, ദിലീഷ് പോത്തൻ, ജോണി ആന്റണി, എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നു. വിനു തോമസാണ് സംഗീതം നൽകുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിർവഹിക്കുന്നു. ഓഗസ്റ്റ് 24 ന് ചിത്രം തിയേറ്ററുകളിലെത്തും.