ലോകകപ്പിൽ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ഏഷ്യൻ പ്രതിനിധികളായ ഇറാന് എതിരില്ലാത്ത
ഒരു ഗോളിന്റെ ജയം. ഇഞ്ചുറി ടൈമിൽ മൊറോക്കോ താരം അസിസ് ബൊഹാദൂസാണ് ഇറാന്റെ വിജയമുറപ്പിച്ച സെൽഫ് ഗോൾ വഴങ്ങിയത്.
കളി നിയന്ത്രിച്ചതും കളിച്ചതും മൊറോക്കോ. കൂടുതൽ സമയവും കാഴ്ചക്കാരുടെ റോളിലായിരുന്നു ഇറാൻ. മത്സരത്തില്‍ പന്ത് കൈവശം വെക്കാനായതുപോലും 32 ശതമാനം മാത്രം. ബാക്കി സമയം മുഴുവൻ പന്ത് കൈവശം ഉണ്ടായിരുന്നിട്ടും മൊറോക്കോയിൽ നിന്ന് വിജയം അകന്നുനിന്നു.
മത്സരത്തിൻറെ തുടക്കത്തിൽ മൊറോക്കോയുടെ ആധിപത്യമായിരുന്നു കണ്ടത്. ഇറാൻ പോസ്റ്റിലേക്കു തിരമാല പോലെ മൊറോക്കോ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഗോളിലേക്ക് എത്തിക്കാനായില്ല. തുടക്കത്തിലെ പതർച്ചയ്ക്കുശേഷം ഇറാനും ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ നടത്തി.
രണ്ടാം പകുതിയിൽ ഇരു ടീമുകളും പരുക്കൻ അടവുകൾ പുറത്തെടുത്തത് മത്സരത്തിന്റെ രസം കെടുത്തി. ഇതിനുശേഷമായിരുന്നു മൊറോക്കോയുടെ വിധി നിർണയിച്ച ഗോൾ പിറവിയെടുത്തത്. ഇഞ്ചുറി ടൈമിൻറെ നാലാം മിനിറ്റിൽ മൊറോക്കോ ബോക്സിന് തൊട്ടടുത്തുനിന്ന് ഇറാന് റഫറി ഫ്രീകിക്ക് അനുവദിച്ചു. എഹ്സാൻ ഹാജി സഫിയുടെ കിക്കിന് തലവച്ച അസിസ് ബൊഹാദൂസിന് പിഴച്ചു. ബുള്ളറ്റ് ഹെഡ്ഡർ സ്വന്തം വലയിൽ.
കളി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം അവശേഷിക്കെ മൊറോക്കോ കണ്ണീരോടെ ലോകകപ്പിലെ ആദ്യ പോരാട്ടം അവസാനിപ്പിച്ചു.