മഴ കനക്കും; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Jaihind News Bureau
Friday, June 15, 2018

വടക്കൻ ജില്ലകളിൽ മഴ ഇനിയും ശക്തമാകുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തുടർച്ചയായി മഴ ലഭിച്ചതിനാൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ തുടരാൻ സാധ്യതയുണ്ട്. കോഴിക്കോട്ടും മലപ്പുറത്തും കഴിഞ്ഞ 24 മണിക്കൂറിൽ അസാധാരണ മഴയാണ് ലഭിച്ചത്. മഞ്ചേരിയിൽ 24 സെ.മീ, നിലമ്പൂർ 21 സെ.മീ, കരിപ്പൂർ 20 സെ.മീ മഴ രേഖപ്പെടുത്തി. അതീവജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവർഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറിക്കും കലക്ടർമാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

കാലവർഷം ശക്തമായ സാഹചര്യത്തിൽ ശബരിമല തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലും തുറന്ന വാഹനങ്ങളിലും ശബരിമല യാത്ര പൂർണമായി ഒഴിവാക്കണം. തീർഥാടകർ വൃക്ഷങ്ങളുടെ ചുവട്ടിലും മലഞ്ചെരിവുകളിലും വിശ്രമിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം. പമ്പാ നദിയിൽ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയരുമെന്നതിനാൽ നദിയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യം നേരിടാൻ കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം സജ്ജമാണ്.