മഴക്കെടുതി; യു.ഡി.എഫ് യോഗം ഇന്ന്

Jaihind News Bureau
Monday, August 13, 2018

സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ യു.ഡി.എഫ് യോഗം ഇന്ന് ചേരും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ട കാര്യങ്ങളും യോഗം ചർച്ച ചെയ്യും. അതേസമയം 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ചയാകും.

സംസ്ഥാനത്ത് മഴക്കെടുതിയുണ്ടായ ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ജനങ്ങൾക്ക് ആശ്വാസം നൽകുന്ന കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും. കൂടാതെ 2019 ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും.

ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്ന അനുമാനത്തിലാണ് യു.ഡി.എഫ് നേതൃത്വം ഒരുക്കങ്ങളിലേക്ക് കടക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് താഴേത്തട്ടിൽ മുന്നണി പ്രർത്തനം ഊർജിതമാക്കാനുള്ള നടപടികൾക്ക് യോഗം രൂപം നൽകും.

കേരള കോൺഗ്രസ് എം മുന്നണിയിലേക്ക് മടങ്ങി എത്തിയതോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണ്. ഒപ്പം തന്നെ കേരള കോൺഗ്രസ് എമ്മിന്റെ മടങ്ങി വരവോടെ മുന്നണി കൺവീനർ, ചെയർമാൻ സ്ഥാനങ്ങൾ പുനഃക്രമീകരണം ഉൾപ്പെടെ യോഗത്തിൽ തീരുമാനം ഉണ്ടാകും.

സമകാലീന രാഷ്ട്രീയ വിഷയങ്ങളും യോഗം വിലയിരുത്തും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ ശക്തമായ സമര പോരാട്ടങ്ങൾക്കും യോഗം രൂപം നൽകും.