ബെഞ്ച് മാറ്റത്തിൽ ഹൈക്കോടതിയിൽ അസാധാരണ നടപടികള്‍

Jaihind News Bureau
Wednesday, June 20, 2018

ബെഞ്ച് മാറ്റത്തിൽ ഹൈക്കോടതിയിൽ പുതിയ വിവാദം. ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി റദ്ദാക്കി. ചില അഭിഭാഷകരുടെ കേസുകൾ ജസ്റ്റിസ് ചിദംബരേഷിന്റെ പരിഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കിയ ഉത്തരവാണ് തടഞ്ഞിരിക്കുന്നത്.

ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമിനിക് വിരമിക്കുന്നതിന് തൊട്ടുമുൻപാണ് ബെഞ്ച് മാറ്റത്തിൽ തീരുമാനം വന്നത്. ജസ്റ്റിസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ സമിതി ചില കേസുകൾ ജസ്റ്റിഷ് ചിദംബരേഷിന്റെ ബെഞ്ചിൽ നിന്നുൾപ്പെടെ മാറ്റിയിരുന്നു.

ചില പ്രത്യേക അഭിഭാഷകർ കൈകാര്യം ചെയ്തിരുന്ന കേസുകളാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ ഈ തീരുമാനം ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി തിരുത്തി. അഭിഭാഷകർ ബെഞ്ച് തിരഞ്ഞെടുക്കുന്നത് ശരിയല്ലെന്ന് പരാമർശിച്ചു കൊണ്ടാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ബെഞ്ച് മാറ്റ വിവാദം പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്. നേരത്തെ ജസ്റ്റിസ് കെമാൽ പാഷ ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു.