പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍

Jaihind News Bureau
Wednesday, July 4, 2018

മധ്യപ്രദേശിലെ ഭോപ്പാലില്‍ പോലീസ് ഉദ്യോഗസ്ഥയെ മർദിച്ച ബി.ജെ.പി നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ടിക്കമാഗ്ര ജില്ലയിലാണ് സംഭവമുണ്ടായത്.

പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചെത്തിയതിന് ബി.ജെ.പി നേതാവ് മുബീന്ദ്ര സിംഗിനെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞതാണ് കേസിനാസ്പദമായ സംഭവമുണ്ടാകാൻ കാരണം. അമിത വേഗതയിലെത്തിയ ബൈക്ക് ഒരു കുട്ടിയെ തട്ടുകയും ചെയ്തിരുന്നു.

ബൈക്ക് തടഞ്ഞതിന് പിന്നാലെ മുബീന്ദ്ര സിംഗും ഒപ്പമുണ്ടായിരുന്നയാളും ബൈക്കിൽ നിന്നിറങ്ങി പോലീസ് ഉദ്യോഗസ്ഥയെ മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്യുകയായിരുന്നു. കൂടുതൽ പോലീസ് സ്ഥലത്തെത്തുന്നതിന് മുന്നേ ഇവർ ഇവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. എന്നാൽ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.