പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷി

Jaihind News Bureau
Thursday, July 26, 2018

പാകിസ്ഥാനിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. ഇമ്രാൻ ഖാൻ പ്രധാനമന്ത്രിയായേക്കും. ഇമ്രാൻഖാന്റെ തന്നെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫ് ഏറ്റവും വലിയ ഒറ്റകക്ഷി. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ മുസ്‌ലിം ലീഗ്‌
ആഹ്വാനം ചെയ്തു.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനായി ലക്ഷക്കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇമ്രാൻ ഖാന്റെ പിടിഐയും നവാസ് ഷെരീഫിന്റെ പി.എം.എൽ-എന്നും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം തന്നെയാണ് പാകിസ്താനിൽ നടന്നത്. ആർക്കും കേവല ഭൂരിപക്ഷം നേടാനാവാതെ പോയത് കൊണ്ടാണ് തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയേറിയത്.

113 സീറ്റുകൾ നേടിയാണ് ഇമ്രാൻഖാന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീക് ഇ ഇൻസാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നവാസ് ഷെരീഫിന്റെ പാകിസ്ഥാൻ മുസ്‌ലിം ലീഗ്‌ 64 സീറ്റുകളും ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 42 സീറ്റുകളും നേടി. സ്വതന്ത്രരും ചെറുപാർട്ടികളും നേടിയത് 52 സീറ്റുകളാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലത്തിൽ എതിർപ്പുമായി പാകിസ്ഥാൻ മുസ്‌ലിം ലീഗ്‌ രംഗത്തെത്തിയിട്ടുണ്ട്.

പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ, ബലൂചിസ്ഥാൻ, പഞ്ചാബ്, ഖൈബർ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് നേരിട്ട് തെരഞ്ഞെടുപ്പ് നടന്നു. 3765 സ്ഥാനാർഥികളാണ് ആകെ മത്സര രംഗത്തുണ്ടായിരുന്നത്.

കനത്ത ആക്രമണങ്ങൾക്കിടയിലാണ് പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് പൂർത്തിയായത്. സംഘർഷങ്ങളെ തുടർന്നും അല്ലാതെയും പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേർ ആക്രമണങ്ങളിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയിൽ പോളിംഗ് ബൂത്തിലുണ്ടായ സ്ഫോടനത്തിൽ 30ലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍.