തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇനിയേസ്റ്റ

Jaihind News Bureau
Monday, July 2, 2018

റഷ്യക്കെതിരെ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ സ്‌പെയിൻ നേരിട്ടത് അപ്രതീക്ഷിത തോൽവി. ബോൾ പൊസഷനിലും പാസുകളിലുമെല്ലാം എതിരാളfകളെ ബഹുദൂരം പിന്നിലാക്കിയശേഷമാണ് ഷൂട്ടൗട്ടിൽ മുൻ ലോകചാമ്പ്യന്മാർ പുറത്തായത്. മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇതിഹാസതാരം ആന്ദ്രേ ഇനിയെസ്റ്റ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

അവസാന ഷോട്ട് ഗോളാക്കിയാണ് ഇനിയേസ്റ്റ പടിയിറങ്ങുന്നത്. 2010 ലോകകപ്പ് ഫൈനലിൽ സ്പെയിനിന് വിജയഗോൾ സമ്മാനിച്ച താരമായ ഇനിയേസ്റ്റ ഇത്തവണ പ്രീകോർട്ടർ മത്സരത്തിൽ റഷ്യയ്ക്കതിരായ തോൽവിക്ക് പിന്നാലെയാണ് രാജിപ്രഖ്യാപനം സ്ഥിരീകരിച്ചത്. ‘ഇത് യാഥാർഥ്യമാണ്, ദേശീയ ടീമിനുവേണ്ടിയുള്ള എന്‍റെ അവസാന മത്സരമായിരുന്നു ഇത്. എന്റെ കരിയറിലെ ഏറ്റവും സങ്കടകരമായ ദിവസം’ തന്റെ 12 വർഷത്തെ കരിയർ അവസാനിപ്പിച്ചുകൊണ്ട് ഇനിയേസ്റ്റ പറഞ്ഞു.

പെനാൽറ്റി ഷൂട്ടൗട്ടിൽ വിധി നിർണയിക്കപ്പെട്ട മത്സരത്തിൽ സ്പെയിനിനായി ആദ്യ കിക്കെടുത്തത് ഇനിയേസ്റ്റയായിരുന്നു. അവസരം താരം ഗോളാക്കുകയും ചെയ്തു. 2016 ൽ സ്പെയിൻ സീനിയർ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ഇനിയേസ്റ്റ 2008, 2012 വർഷങ്ങളിൽ ടീം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ പങ്കാളിയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ബാഴ്സയിലെ 22 വർഷം നീണ്ട കരിയറിനും താരം വിരാമം കുറിച്ചിരുന്നു. ജാപ്പനീസ് ക്ലബ്ബായ വിസൽ കോബിലേക്ക് താരം ചേക്കേറുന്നത്.

അവസാന ലോക കപ്പിന്റെ ആദ്യ ഇലവനില്‍ ഇനിയേസ്റ്റയ്ക്ക് ഇടമുണ്ടായിരുന്നില്ല. ഇതുവരെ അവസരം ലഭിക്കാതിരുന്ന മാർക്കോ അസെൻസിയോയാണ് പകരം കളിച്ചത്. എന്നാല്‍ മത്സരത്തിന്റെ 67-ാം മിനിറ്റില്‍ ഇനിയേസ്റ്റ ഇറങ്ങി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോൾ സ്‌പെയിന്റെ ആദ്യ കിക്കെടുക്കാൻ നിയോഗിക്കപ്പെട്ടത്, പരിചയസമ്പന്നനായ ഇനിയേസ്റ്റയെ. യാതൊരുപിഴവുമില്ലാതെ തന്റെ അന്താരാഷ്ട്ര കരിയറിലെ അവസാന ഷോട്ട് ഇനിയേസ്റ്റ വലയിലെത്തിച്ചു.

2010 ദക്ഷിണാഫ്രിക്കൻ ലോകകപ്പ് സ്‌പെയിനിന് നേടിക്കൊടുക്കുന്നതിൽ നിർണായകപങ്ക് വഹിച്ച ഇനിയേസ്റ്റയായിരുന്നു അന്ന് ഫൈനലിലെ ഗോൾ നേടിയതും. ബാഴ്‌സലോണ താരമായിരുന്ന ഇനിയേസ്റ്റ, സീസണവസനാത്തോടെ ക്ലബ് വിട്ടിരുന്നു. വരുന്ന സീസണിൽ ജാപ്പനീസ് ക്ലബ് വിസൽ കോബിനായി ഇനിയേസ്റ്റ കളിക്കും.