ജപ്പാനിലുണ്ടായ ഭൂകമ്പത്തില്‍ 5 മരണം

Jaihind News Bureau
Friday, June 22, 2018

ഭൂകമ്പത്തെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട വിള്ളലില്‍‌ നിന്ന് പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പുറത്തേക്കൊഴുകുന്നു

ജപ്പാനിലെ ഒസാക്കയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഒൻപത് വയസുകാരിയടക്കം അഞ്ച് പേർ മരിച്ചു. 300ഓളം പേർക്ക് പരിക്കേറ്റു. ഇനിയും ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന്  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരക്കേറിയ സമയത്തുണ്ടായ ഭൂകമ്പം ജനങ്ങളെ ആകെ പരിഭ്രാന്തരാക്കി. വൈദ്യുതി
ഉത്പാദിപ്പിക്കുന്ന ആണവകേന്ദ്രങ്ങൾക്ക് തകരാറില്ല. എന്നാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി പ്ലാന്റുകൾ നിർത്തി വച്ചതിനാൽ ഒരു ലക്ഷത്തി എഴുപതിനായിരം ഭവനങ്ങളിലേക്കുള്ള വൈദ്യുതിബന്ധം നിലച്ചു. 214 പേര്‍ക്ക് പരിക്കേറ്റതായി ജപ്പാന്‍ ചീഫ് ക്യാബിനറ്റ് സെക്രട്ടറി യോഷിഹിദെ സുഗ വ്യക്തമാക്കി.

ഭൂകമ്പത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചപ്പോള്‍

വിമാന സർവീസുകളും ട്രെയിൻ സർവീസുകളും നിർത്തിവെച്ചതിനാൽ വിദേശികളായ യാത്രക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. മതിൽ ഇടിഞ്ഞ് വീണാണ് ഒൻപത് വയസുകാരി മരിച്ചത്. മരിച്ച മറ്റുള്ളവർ എൺപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്. ഇനിയും ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ദുരന്തനിവാരസേന സജ്ജമായിരിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുമുണ്ട്.

ഭൂകമ്പത്തെ തുടര്‍ന്ന് വീടിന് തീപിടിച്ചപ്പോള്‍

ഒസാക്കിയിൽ ശക്തമായ മഴയും മണ്ണിടിച്ചിലം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 2011 മാർച്ചിലെ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആയിരങ്ങൾ കൊല്ലപ്പെടുകയും ഫുക്കുഷിമ ആണവായുധ പ്ലാന്റിലെ മൂന്ന് റിയാക്ടറുകൾക്ക് തകരാർ ഉണ്ടാവുകയും ചെയ്തിരുന്നു.