ജനനായകന് തലസ്ഥാനത്ത് രാജകീയ വരവേല്‍പ്പ് ; ഉമ്മന്‍ ചാണ്ടിക്ക് ആദരമൊരുക്കി കെ.പി.സി.സി | VIDEO

Jaihind News Bureau
Friday, September 18, 2020

തിരുവനന്തപുരം: നിയമസഭാ സാമാജികനായി 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിക്ക് കെ.പി.സി.സിയുടെ ആദരം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇന്ദിരാ ഭവനില്‍ നടന്ന ” സുകൃതം സുവർണ്ണം ” ആഘോഷ പരിപാടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്തു.

ഇന്ദിരാ ഭവനിൽ ആഘോഘാരവങ്ങളോടെ രാജകീയ വരവേൽപ്പാണ് കുഞ്ഞൂഞ്ഞിനെ കാത്തിരുന്നത്. കേരളത്തിന്‍റെ ജനനായകനെ കണ്ടതോടെ പ്രവർത്തകരുടെ ആവേശം നൂറിരട്ടിയായി. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലമാണ് വികസനത്തിൽ കേരളത്തിന്‍റെ സുവർണ കാലഘട്ടമെന്ന് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും ഉമ്മൻ ചാണ്ടി ഒരു പാഠപുസ്തകമാണെന്നും അദ്ദേഹത്തിൽ നിന്ന് നാട് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാ എം.പിയും പറഞ്ഞു.

ഉമ്മൻ ചാണ്ടി എന്നും ആൾക്കൂട്ടത്തെ ഇഷ്ടപ്പെട്ട നേതാവാണെന്നും ജനങ്ങളിൽ നിന്ന് പ്രചോദനം നേടി പ്രവർത്തിക്കുന്ന നേതാവാണെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഒരു ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് തെളിയിക്കാൻ ഉമ്മൻ ചാണ്ടിയ്ക്കായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താൻ വന്ന വഴി മറന്നിട്ടില്ലെന്നും പാർട്ടിയും ജനങ്ങളും ദൈവാനുഗ്രഹവുമാണ് തന്നെ എന്തെങ്കിലുമാക്കി തീർത്തതെന്നും ഉമ്മൻ ചാണ്ടി മറുപടി പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ, മുൻ കെപിസിസി അധ്യക്ഷന്മാരായ എം.എം ഹസൻ, വി.എം സുധീരൻ, രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ, കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്‍റുമാർ തുടങ്ങിയവർ ചടങ്ങിന്‍റെ  ഭാഗമായി.