ഗ്രൂപ്പ് ജേതാക്കളായി ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍

Jaihind News Bureau
Friday, June 29, 2018

ഗ്രൂപ്പ് ജേതാക്കളെ നിര്‍ണയിക്കാനുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ബെൽജിയത്തിന് വിജയം. വിരസമായ മത്സരത്തിനിടെ അദ്‌നാൻ യാനുസായ് നേടിയ ഏക ഗോളിനാണ് ബെൽജിയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

വലിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിൽ ഇറങ്ങിയത്. ബെല്‍ജിയത്തിന് വേണ്ടി ബാറ്റ്ഷുവായിയും ഇംഗ്‌ളണ്ടിന് വേണ്ടി വാർഡിയും മുന്നേറ്റ നിരയിൽ ഇറങ്ങിയപ്പോൾ ഇരു ടീമുകൾക്കും കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചില്ല. കാര്യമായ അവസരങ്ങൾ ഉണ്ടാകുവാൻ ഇരു ടീമുകളും ശ്രമിച്ചില്ല എന്നു വേണമെങ്കിൽ പറയാം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളൊന്നും നേടിയിരുന്നില്ല.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അദ്‌നാൻ യാനുസായി നേടിയ മനോഹരമായ ഒരു ഗോളിൽ ബെൽജിയം മുന്നിൽ എത്തി.

തുടർന്ന് ഗോൾ മടക്കാൻ ലഭിച്ച മികച്ച ഒരു അവസരം റാഷ്‌ഫോഡ് പുറത്തേക്ക് അടിച്ചു കളഞ്ഞു. 90-ാം മിനിറ്റിൽ മർട്ടൻസ് അടിച്ച ഒരു ലോംഗ് ഷോട്ട് ഇംഗ്ലണ്ട് കീപ്പർ പിക്‌ഫോഡ് തട്ടിയകറ്റുകയും ചെയ്തതോടെ സ്‌കോർ നില 1-0 ആയി തുടർന്നു.

ഒരു ഗോളിന് ബെൽജിയം വിജയിച്ചെങ്കിലും ലോകകപ്പ് ഫുട്ബോളിന് അപമാനകരമാവുന്ന വിരസമായിരുന്നു ഇരു ടീമുകളുടേയും കളി. ഗ്രൂപ്പിൽ രണ്ടാമതായി ഫിനിഷ് ചെയ്ത് നോക്കൌട്ട് ഘട്ടങ്ങളിൽ ശക്തി കുറഞ്ഞ ടീമുകളെ നേരിടാനായിരുന്നു ഇരു ടീമുകളുടെയും ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.