ഗുഹയിലെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം; കുട്ടികളെ വേഗത്തില്‍ പുറത്തെത്തിക്കാന്‍ ശ്രമം

Jaihind News Bureau
Thursday, July 5, 2018

തായ്‌ലന്‍റിൽ ഗുഹയിൽ അകപ്പെട്ട കുട്ടികളെ ഗുഹയ്ക്കു പുറത്തെത്തിക്കാൻ നാല് മാസം എടുക്കുമെന്ന റിപ്പോർട്ടുകൾ അധികൃതർ തള്ളി. മഴവെള്ളം നിറഞ്ഞ ഗുഹയിൽ അകപ്പെട്ട കുട്ടി ഫുട്‌ബോൾ ടീമിനെയും കോച്ചിനെയും വൈകാതെ പുറത്തെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് തായ്‌ലൻഡ്.

കുട്ടികൾക്ക് നീന്തലിനും മുങ്ങാംകുഴിയിടലിനും പരിശീലനം നല്‍കി ഘട്ടംഘട്ടമായി പുറത്തെത്തിക്കുകയെന്ന പ്രായോഗിക സമീപനമാണ് രക്ഷാപ്രവർത്തകർ സ്വീകരിച്ചിരിക്കുന്നത്. 12 കുട്ടികളും കോച്ചും കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നില്ല. തം ലുവാംഗ് ഗുഹാസമുച്ചയത്തിന്‍റെ പ്രവേശന കവാടത്തിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലാണ് സംഘം അഭയം തേടിയിരിക്കുന്നത്. ഇത്രയും ദൂരം നീന്താനായി മൂന്നു മണിക്കൂർ എടുക്കും. ഗുഹയുടെ പല ഭാഗവും ഇടുങ്ങിയതാണെന്നും നിറച്ചും വെള്ളമുണ്ടെന്നും തായ് ഡെപ്യൂട്ടി പ്രധാനമന്ത്രി പ്രവിത് വോംഗ്‌സുവാൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നീന്താനും മുങ്ങാം കുഴിയിടാനുമുള്ള പരിശീലനം കുട്ടികൾക്കു നല്‍കുകയാണ്.

ഗുഹയിലെ ജലനിരപ്പു താഴ്ന്നാൽ കുട്ടികളെ വേഗം പുറത്തെത്തിക്കാം. വെള്ളം പമ്പ് ചെയ്തു പുറത്തുകളഞ്ഞുകൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുങ്ങൽ വിദഗ്ധരും വൈദ്യസംഘവും കൗൺസലർമാരും തായ് നാവികസേനാംഗങ്ങളും കുട്ടികൾക്കൊപ്പമുണ്ട്.

https://www.youtube.com/watch?v=qRvxlnhMAlc

ജൂൺ 23നാണ് സംഘം ഗുഹയിൽ അകപ്പെട്ടത്. മഴപെയ്തു വെള്ളം പൊങ്ങി ഗുഹാകവാടം അടഞ്ഞു. വെള്ളം കൂടിക്കൊണ്ടിരുന്നപ്പോൾ സംഘം കൂടുതൽ ഉള്ളിലേക്കു പോയത്.

അതേസമയം ഞങ്ങൾ ആരോഗ്യവാന്മാരാണ് ഏന്ന് പറയുന്ന കുട്ടികളുടെ വീഡിയോ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത തായ് നാവികസേനാംഗങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു .