കൈപിടിച്ചത് ജീവന്‍റെ പുതിയ തീരത്തേക്ക്… കയ്യടിക്കാം കടലിന്‍റെ മക്കള്‍ക്ക്

Jaihind Webdesk
Sunday, August 19, 2018

ആരുടെയും നിര്‍ദേശമില്ല, ആരുടെയും ഉത്തരവിന് കാത്തില്ല… ജീവന്‍ പണയം വെച്ചും പ്രളയജലത്തില്‍ മുങ്ങിയ കേരളത്തെ രക്ഷിക്കാന്‍ കടലോളം സ്നേഹവുമായി അവരെത്തി. നൂറുകണക്കിന് ആളുകളാണ് കടലിന്‍റെ മക്കളുടെ സ്നേഹത്തില്‍ ജീവന്‍റെ പുതിയ തീരം അണഞ്ഞത്.  കേരളത്തിന്‍റെ  പ്രളയമേഖലകളില്‍ ഇവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം നിസ്തുലമാണ്.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശൂര്‍, മലപ്പുറം, എറണാകുളം ജില്ലകളില്‍ നിന്ന് എത്തിയ മത്സ്യത്തൊഴിലാളികള്‍ വെള്ളത്തില്‍ മുങ്ങിയ പാടങ്ങളിലൂടെയും വഴികളിലൂടെയും ചെറു റോഡുകളിലൂടെയുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിനായി തങ്ങളുടെ വള്ളങ്ങളും ബോട്ടുകളും പായിച്ചു.  സൈന്യത്തിന് പോലും എത്തിച്ചേരാനാകാത്ത ഇടങ്ങളില്‍ ജീവന്‍ പണയം വെച്ച് ഇവരെത്തി. പ്രളയജലത്തില്‍ കുടുങ്ങിയ നിരവധി പേരുടെ ജീവനാണ് കടലിന്‍റെ മക്കള്‍ രക്ഷപ്പെടുത്തിയത്.

ചെങ്ങന്നൂരില്‍ മാത്രം ഈ ‘തീരദേശസേന’ രക്ഷപ്പെടുത്തിയ ജീവനുകള്‍ നിരവധിയാണ്. കുട്ടനാട്ടിലും, ആലുവയിലും,പറവൂരിലുമെല്ലാം കടലോളം കരുത്തും സ്നേഹവുമായി ഇവരെത്തി. സൈന്യവും ഹെലികോപ്റ്ററും പരാജയപ്പെട്ടിടത്ത് മത്സ്യത്തൊഴിലാളികളുടെ ധൈര്യവും പരിചയസമ്പത്തും തുണയായി. അതിസാഹസികമായാണ് ചില പ്രദേശങ്ങളില്‍ കുടുങ്ങിയവരെ ഇവര്‍ രക്ഷപ്പെടുത്തിയത്.

വിലമതിക്കാനാവില്ല ഇവരുടെ സേവനത്തെ. കഷ്ടപ്പാടുകള്‍ക്കും പരാധീനതകള്‍ക്കുമിടയിലും സഹജീവികളെ സഹായിക്കാന്‍ ജീവിതപ്രാരാബ്ധങ്ങള്‍ മാറ്റിവെച്ച് സമയം പാഴാക്കാതെ എത്തിയ ഇവരെ നമുക്ക് മറക്കാതിരിക്കാം…