കാലവര്‍ഷക്കെടുതി സഭയില്‍; സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം

Jaihind News Bureau
Monday, June 18, 2018

കാലവർഷക്കെടുതി നേരിടുന്നതിൽ സർക്കാർ പൂർണ പരാജയമെന്ന് പ്രതിപക്ഷം നിയമസഭയിൽ. ദുരന്തനിവാരണ അതോറിറ്റി തന്നെ ദുരന്തമായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം രക്ഷാപ്രവർത്തനത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി.

കാലവർഷം ശക്തമായതോടെ സംസ്ഥാനം ദുരന്ത ഭൂമിയായിരിക്കുകയാണെന്ന് പ്രതിപക്ഷത്ത് നിന്നും അടിയന്തരപ്രമേയത്തിന് അവകരാണാനുമതി തേടിയ പാറയ്ക്കൽ അബ്ദുള്ള ചൂണ്ടിക്കാട്ടി. പല മേഖകളിലും ദുരന്ത നിവാരണ പ്രവർത്തനം കാര്യക്ഷമമല്ല . കോഴിക്കോട് ജില്ലയ്ക്ക് പ്രത്യക പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലവർഷക്കെടുതി നേരിടുന്നതിൽ സർക്കാർ കാര്യക്ഷമമായാണ് പ്രവർത്തിച്ചെതെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ മറുപടി നൽകി. ഉരുൾ പൊട്ടൽ മേഖലകളിൽ കാര്യക്ഷമായ രക്ഷാപ്രവർത്തനമാണ് ദുരന്തനിവാരണ സേന നടത്തിയത്.കാലവർഷക്കെടുതിക്ക് ഇരയായവർക്ക് അർഹമായ നഷ്ടപരിഹാരം നൽകും. തുടർന്ന് മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ വിശദീകരണം നൽകി.

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് മന്ത്രിമാർ ക്യാമ്പ് ചെയ്ത് കൊണ്ട് മികച്ച രീതിയിലുള്ള രക്ഷാപ്രവർത്തനമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 4 ലക്ഷം ലിറ്റർ വെള്ളം തടഞ്ഞ് നിർത്തി തടയണ നിർമിച്ചതാണ് ഉരുൾപൊട്ടലിന് കാരണമെന്ന് തുടർന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ആരാണ് അതിന് അനുമതി നൽകിയതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. ദുരന്ത നിവാരണ അതോറിറ്റി പൂർണ പരാജയമാണ്. ഉരുൾപൊട്ടലുണ്ടായി എത്രയോ മണിക്കൂറുകള്‍ക്ക് ശേഷമാണ് ദുരന്ത നിവാരണ സേന ദുരന്ത സ്ഥലത്ത് എത്തിയതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.