കര്‍ണാടകത്തിലും മഴ ശക്തമാകുന്നു

Jaihind News Bureau
Thursday, August 16, 2018

കേരളത്തിൽ മഴക്കെടുതി തുടരുമ്പോൾ അയാൾ സംസ്ഥാനമായ കർണാടകയിലും കനത്ത മഴ തുടരുന്നു. മഴയെതുടർന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയിൽ രണ്ട് പേർ മരിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. വെള്ളം പൊങ്ങിയതോടെ പല ട്രെയിനുകളും റദ്ദാക്കി. അഞ്ചു ജില്ലകൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകാൻ മുഖ്യമന്ത്രി കുമാരസ്വാമി ഉത്തരവിട്ടു.

ദക്ഷിണ കന്നഡ, ഹസൻ, ചിക്മംഗളുരു, കൊടക്, ശിവമോഗ എന്നിവിടങ്ങളാണ് നിരീക്ഷണത്തിലുള്ളത്. 18 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 666 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.

തീരപ്രദേശങ്ങളിലേക്കും ഓൾഡ് മൈസൂറിലേക്കുമുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ബംഗളുരുവിൽ നിന്ന് മംഗളുരു, കുന്ദാപുര, ധർമസ്ഥല തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ കർണാടക എസ്.ആർ.ടി.സി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, കേരളത്തിലേക്കുള്ള ബസുകളും നിർത്തിവച്ചിരിക്കുകയാണ്. അടുത്ത മൂന്നോ നാലോ ദിവസങ്ങളിൽ മഴ കനക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.