കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ആലപ്പുഴ കുട്ടനാട്ടിൽ വ്യാപക നാശനഷ്ടം. കനത്ത മഴയിൽ വിവിധ പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായി. കൈനകരിയിൽ മാത്ര o രണ്ടിടങ്ങളിൽ മട വീണു. 500 ഏക്കറിലധികം സ്ഥലത്തെ കൃഷി നശിച്ചു. ആറുപങ്ക്, ചെറുകായൽ കായൽ എന്നിവിടങ്ങളിലാണ് മടവീഴ്ചയുണ്ടായത്. പുറം ബണ്ട് തകർന്ന് വെള്ളം പാടശേഖരത്തിലേക്ക് കയറുകയായിരുന്നു.
കാവാലം കിഴക്കുപുറം പാടത്ത് കരകവിഞ്ഞ് വെള്ളം കയറി റോഡിൽ വെള്ളം കയറി ഗതാഗതം സ്തംഭിച്ചു.
ആലപ്പുഴ ചെങ്ങനാശ്ശേരി റോഡിൽ വെള്ളം കയറി. എ-സി റോഡ് വഴിയുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ് റദ്ദാക്കി. കോട്ടയത്തേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു.
ആലപ്പുഴയിലെ മറ്റ് താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്.
നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി വീണു. ആറാട്ടുപുഴയിൽ കടൽക്ഷോഭവും രൂക്ഷമായി. കടൽഭിത്തി കെട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചത്.
നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇത്തവണത്തേത്. പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
മങ്കൊമ്പ് സബ് ട്രഷറി സ്ട്രോംഗ് റൂമിൽ വെള്ളം കയറി. വോട്ടിംഗ് മെഷീനുകളും മുദ്രപ്പത്രങ്ങളും സ്റ്റാമ്പുകളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം വെള്ളത്തിൽ മുങ്ങുന്നത് ഇതാദ്യമാണ്.
വണ്ടാനം കടൽ തീരത്ത് വലിയ ബാർജ് നിയന്ത്രണം വിട്ട് എത്തിച്ചേര്‍ന്നു. ഇതിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണ്.