കണ്ണൂര്‍-മാക്കൂട്ടം-പെരുമ്പാടി റോഡ് നവീകരണം ഉടനെന്ന് എച്ച്.ഡി കുമാരസ്വാമി

Jaihind News Bureau
Saturday, June 23, 2018

 

കണ്ണൂര്‍-മാക്കൂട്ടം-പെരുമ്പാടി റോഡ് അറ്റകുറ്റപ്പണികള്‍ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. 6.25 കോടി രൂപ ചെലവ് വരുന്ന താൽക്കാലിക അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ നിർദേശം നൽകി.

കേരളത്തെ കർണാടകയുമായി ബന്ധിപ്പിക്കുന്ന കണ്ണൂർ-മാക്കൂട്ടം പെരുമ്പാടി – മൈസൂർ പാത യുദ്ധകാലാടിസ്ഥാനത്തിൽ റിപ്പയർ ചെയ്യുന്നതിനും വാഹനഗതാഗതം പുനഃസ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

കനത്ത മഴയിൽ റോഡ് പലഭാഗത്തും തകരാറിലായതിനെ തുടർന്ന് പെരുമ്പാടി-മാക്കൂട്ടം റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. സ്ഥിരം സ്വഭാവത്തിൽ റോഡ് മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദഗ്ധരുടെ ഉപദേശം കർണാടക സർക്കാർ തേടിയിട്ടുമുണ്ട്. രണ്ടു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന റോഡ് എന്ന നിലയിലുളള പ്രധാന്യം കണക്കിലെടുത്ത് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കേരള
മുഖ്യമന്ത്രിയെ അറിയിച്ചു.