എം.എല്‍.എമാരെ അയോഗ്യരാക്കിയ കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കും

Jaihind News Bureau
Wednesday, June 27, 2018

തമിഴ്നാട്ടിലെ എടപ്പാടി പളനി സ്വാമി സർക്കാരിലെ 18 എം.എൽ.എമാരെ അയോഗ്യരാക്കിയ കേസ് പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസ് പരിഗണിക്കാൻ മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം സത്യനാരായണനെ സുപ്രീം കോടതി ചുമതലപ്പെടുത്തി.

അണ്ണാ ഡി.എം.കെയോട് ഇടഞ്ഞ് ടി.ടി.വി ദിനകരനൊപ്പം പോയ 18 എം.എൽ.എമാരെയാണ് തമിഴ്നാട് സ്പീക്കർ പി ധനപാലൻ കഴിഞ്ഞ സെപ്റ്റംബറിൽ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമായിരുന്നു നടപടി . സ്പീക്കറുടെ നടപടി ഏകകണ്ഠമായി റദാക്കാത്തതിനാൽ തന്നെ എം.എൽ.എമാരുടെ അയോഗ്യത തുടരും.

ഒ.പി.എസ്-ഇ.പി.എസ് പക്ഷങ്ങൾ യോജിച്ചപ്പോഴാണ് എം.എൽ.എമാർ ദിനകരൻ പക്ഷത്തേക്ക് കൂറുമാറിയത്.  ദിനകരനൊപ്പം ചേർന്ന 19 എ.ഡി.എം.കെ എം.എൽ.എമാർക്ക് ചീഫ് വിപ്പിന്റെ നിർദേശ പ്രകാരം നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഒരാൾ ഒഴികെ മറ്റ് 18 പേരും പാർട്ടി അംഗത്വം രാജിവെക്കുകയോ മറ്റ് പാർട്ടികളിൽ അംഗത്വം നേടുകയോ ചെയ്യാത്ത പക്ഷമാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവോടെ തമിഴ് രാഷ്ട്രീയം ഇനി ഉറ്റു നോക്കുന്നത് മദ്രാസ് ഹൈക്കോടതിയിലേക്കാണ്.