ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ ശിക്ഷാവിധി നാളെ

Jaihind News Bureau
Tuesday, July 24, 2018

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ തിരുവനന്തപുരം പ്രത്യേക സി. ബി. ഐ കോടതി നാളെ ശിക്ഷ വിധിക്കും. ആറ് പോലീസുകാർ കുറ്റക്കാരെന്ന് കോടതി കണ്ടത്തി. ഒന്നും രണ്ടും പ്രതികൾക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. പ്രതികളിലൊരാൾ കേസിന്റെ വിചാരണക്കിടെ മരണമടഞ്ഞിരുന്നു.

സി.ബി. ഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളായ ആറ് പോലീസ്‌കാരും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഒന്നും രണ്ടും പ്രതികളായ എ.എസ്. ഐ ജിതകുമാർ സീനിയർ സി. പി. ഒ ശ്രീകുമാർ എിവർക്കെതിരെ കൊലക്കുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്.

നാല് മുതൽ ആറ് വരെ പ്രതികൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി. മുൻ എസ്. പി ഇ. കെ. സാബു, ടി. കെ ഹരിദാസ്, ഡി.വൈ.എസ്.പി അജിത്കുമാർ എിവരാണ് നാല് മുതൽ ആറ് വരെയുളള പ്രതികൾ, മൂന്നാം പ്രതി കെ. വി സോമൻ വിചാരണക്കിടെ മരിച്ചിരുന്നു. കേസിൽ പുതിയ പ്രതികളെ കൂടി ഉൾപ്പെടുത്താൻ സാധ്യത കാണുന്നതായി കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.

വിചാരണ സമയത്ത് കൂറുമാറിയ കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരെയും വ്യാജ എഫ്‌.ഐ.ആർ തയാറാക്കാൻ സഹായിച്ചെന്ന് സാക്ഷി മൊഴികളിൽ ആരോപിക്കപ്പെട്ടവർക്കെതിരെയും നിയമനടപടി സ്വീകരിക്കും എന്ന സൂചനയും നൽകി.

കൊലക്കുറ്റം തെളിഞ്ഞ ഒന്നും രണ്ടും പ്രതികളായ ജിതകുമാർ, ശ്രീകുമാർ എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു.2005 സെപ്റ്റംബർ 27നാണ് മോഷണക്കുറ്റം ആരോപിച്ചു ശ്രീകണ്‌ഠേശ്വരം പാർക്കിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കൊല്ലപ്പെടുന്നത്. സ്റ്റേഷനിൽ പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടി ക്കൊലപ്പെടുത്തിയൊണു സി.ബി.ഐ കേസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരുക്കുകൾ ചൂണ്ടിക്കാണിച്ചിരുന്നു.

ആദ്യം ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. വിചാരണ വേളയിൽ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതിനെ തുടർന്ന് ഉദയകുമാറിൻറെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.