ഇരട്ടഗോളടിച്ച് ലുകാകു; സന്നാഹമത്സരത്തില്‍ കോസ്റ്റാറിക്കയെ തകര്‍ത്ത് ബെല്‍ജിയം

Jaihind News Bureau
Tuesday, June 12, 2018

കോസ്റ്റാറിക്കക്കെതിരായ സന്നാഹ മത്സരത്തിൽ ബെൽജിയത്തിന് വമ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളുകളാണ് ബെൽജിയത്തിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചത്.

മിച്ചി ബാത്ശുവായിയും ഡ്രൈസ് മെർട്ടൻസും ബെൽജിയത്തിന് വേണ്ടി ഓരോ ഗോളടിച്ചു. കോസ്റ്റാറിക്കയുടെ ആശ്വാസ ഗോൾ നേടിയത് ബ്രയാൻ റുയിസാണ്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ സേവുകളുമായി നവാസ് കോസ്റ്റാറിക്കയെ കാത്തപ്പോൾ ആദ്യ ഗോൾ നേടിയത് അപ്രതീക്ഷിതമായി കോസ്റ്റാറിക്ക തന്നെയായിരുന്നു. ഇരുപത്തിനാലാം മിനിട്ടിൽ റൂയിസിലൂടെയാണ് കോസ്റ്റാറിക്ക ലീഡ് നേടിയത്. മിനിട്ടുകൾക്ക് ശേഷം ഡ്രൈസ് മെർട്ടൻസിലൂടെ ബെൽജിയം സമനില പിടിച്ചു.

അടുത്തത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹിറ്റ്മാൻ ലുകാകുവിന്റെ ഊഴമായിരുന്നു. ആദ്യപകുതിയ്ക്ക് മുൻപും രണ്ടാം പകുതിയുടെ തുടക്കത്തിലും ലുകാകു ഗോളടിച്ചു.